രാജ്യത്ത് ജൂലായില്‍ യാത്രാവാഹന വില്‍പ്പനയില്‍ 47 ശതമാനം വര്‍ധന. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ആവശ്യമുയര്‍ന്നതാണ് വാഹനവില്‍പ്പനയില്‍ പ്രതിഫലിച്ചത്. 

ജൂലായില്‍ ആകെ 2,90,000 യാത്രാവാഹനങ്ങളാണ് കമ്പനികള്‍ ഡീലര്‍ഷിപ്പുകളിലേക്ക് കൈമാറിയത്. 2020 ജൂലായിലിത് 1,97,791 എണ്ണമായിരുന്നു.

മാരുതി സുസുക്കിക്ക് 37 ശതമാനമാണ് വില്‍പനയിലെ വര്‍ധന. 2020 ജൂലായിലെ 97,768 എണ്ണത്തില്‍നിന്ന് 1,33,732 എണ്ണമായാണ് വര്‍ധന. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 48,042 വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കൈമാറി. 

മുന്‍വര്‍ഷത്തെക്കാള്‍ 26 ശതമാനം അധികമാണിത്. ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പന 101 ശതമാനം വര്‍ധനയോടെ 30,185-ല്‍ എത്തി. 143 ശതമാനം വര്‍ധനയോടെ 13,105 വാഹനങ്ങളാണ് ടൊയോട്ട കൈമാറിയത്. 

എം.ജി. മോട്ടോഴ്‌സ് 4,225 വാഹനങ്ങള്‍ വില്‍പ്പനയ്ക്കായെത്തിച്ചു. ഹോണ്ടയുടെ വില്‍പ്പന 6,055 എണ്ണമായും നിസാന്റേത് 4,259 എണ്ണമായും കൂടി.

Content Highlights: July Vehicle Sale Report; Passenger Vehicle Sale Up By 47 Percent