കോംപസ് എസ്.യു.വിയിലൂടെ ഐതിഹാസിക ജീപ്പ് ബ്രാന്‍ഡ് ഇന്ത്യക്കാരെ കൈയിലെടുത്തു കഴിഞ്ഞു. ബെന്‍സും ഔഡിയും നല്‍കുന്ന പ്രൗഡി കുറഞ്ഞ വിലയില്‍ ജീപ്പില്‍ ലഭിക്കുമെന്നതാണ് ഇന്ത്യക്കാര്‍ ഈ ബ്രാന്‍ഡിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ കാരണം. ചുരുങ്ങിയ കാലയളവില്‍ ജനങ്ങള്‍ നല്‍കിയ ഈ പിന്തുണയ്ക്ക് പകരമായി മറ്റൊരു സമ്മാനം പുതുവര്‍ഷത്തില്‍ ജീപ്പ് ഇന്ത്യക്കാര്‍ക്ക്‌ നല്‍കുകയാണ്. കോംപസിന് ശേഷം ഒരു സബ് ഫോര്‍ മീറ്റര്‍ ജീപ്പ് അടുത്തതായി ഇന്ത്യയില്‍ നിര്‍മിച്ച് പുറത്തിറക്കുമെന്ന് ജീപ്പ് ഗ്ലോബര്‍ ഹെഡ് മൈക്ക് മാന്‍ലി വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ലോസ് ആഞ്ജലീസ് ഓട്ടോ ഷോയിലാണ് മാന്‍ലി ഇക്കാര്യം വെളിപ്പെടുത്തിയത്. ജീപ്പ് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ റെനഗേഡാകും ഈ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി. 

Renegade

പത്തു ലക്ഷമാണ് റെനഗേഡിന് വിലയെന്നാണ് ആദ്യ വിവരം. പത്തുലക്ഷത്തിന് എല്ലാം തികഞ്ഞ എസ്.യു.വി. എന്നത് ചില്ലറ കാര്യമല്ല. ജീപ്പ് എന്ന ബ്രാന്‍ഡ് നെയിമിന്റെ കനം വേറെയും. പ്രാദേശികമായി നിര്‍മിക്കുന്നതാണ് വില ഇത്രയധികം കുറയാന്‍ കാരണം. യൂറോപ്യന്‍ വിപണിയിലുള്ള റെനഗേഡ് റൈറ്റ് ഹാന്‍ഡ് ഡ്രൈവിന്റെ പരീക്ഷണയോട്ടങ്ങള്‍ ഇന്ത്യയില്‍ നേരത്തെ ആരംഭിച്ചിരുന്നു. യൂറോപ്യന്‍ മോഡലില്‍ അധികം മാറ്റങ്ങളില്ലാതെയായിരിക്കും ഇവിടെയും എത്തുക. കോംപസിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് റെനഗേഡും തയ്യാറായിരിക്കുന്നത്. ജീപ്പ് കുടുംബത്തിലെ തലമുതിര്‍ന്ന റാങ്ക്‌ളറുമായി ചെറുതല്ലാത്ത സാമ്യം റെനഗേഡിനുണ്ട്. കോംപാക്ട് എസ്.യു.വികള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയിലേക്ക് റെനഗേഡ് കൂടി എത്തുന്നതോടെ ജീപ്പിന്റെ സ്വാധീനം പതിന്‍മടങ്ങ് വര്‍ധിക്കും. 

Renegade

ഉയരത്തിലും വീതിയിലും ഹ്യുണ്ടായ് ക്രേറ്റയേക്കാളും റെനോ ഡസ്റ്ററിനേക്കാളും കൂടുതലായിരിക്കും റെനഗേഡ്. 4.22 മീറ്റര്‍ നീളവും 1.7 മീറ്റര്‍ ഉയരവും 1.9 മീറ്റര്‍ വീതിയുമാണ് യൂറോപ്പിലിറങ്ങുന്ന റെനഗേഡിനുള്ളത്. കോംപസിലിരിക്കുന്ന എന്‍ജിന്റെ ശക്തികുറഞ്ഞ രൂപമായിരിക്കും റെനഗേഡില്‍. ഇവിടെ നിര്‍മിക്കുന്ന 140 എച്ച്.പി. കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസലും ഇതേ കരുത്ത് നല്‍കുന്ന 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും റെനഗേഡില്‍ ഘടിപ്പിക്കുക. അതേസമയം, മാരുതി എസ്. ക്രോസിലുള്ള 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ റെനഗേഡിന് വേണ്ടി ജീപ്പ് നോട്ടമിട്ടിട്ടുണ്ട്. 

Renegade

6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക്ക്, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെയാകും ട്രാന്‍സ്മിഷന്‍. ഫോര്‍വീല്‍ ഡ്രൈവ് റെനഗേഡില്‍ ഓപ്ഷനായിരിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷമാദ്യം റെനഗേഡ് പുറത്തിറക്കുമെന്നാണ് കരുതുന്നത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് എന്നിവയാണ് പ്രധാന എതിരാളികള്‍. വരുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ റെനഗേഡ് അവതരിക്കാനാണ് സാധ്യത. ഇതിനുശേഷം വിപണിയിലെത്തും. 

Jeep Renegade

Content Highlights: Jeep Renegade SUV Coming To India