കോംപസ് എസ്.യു.വിയുടെയും റെനഗേഡിന്റെയും പുതിയ പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് (PHEVs) മോഡലുകള്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് അവതരിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയിലാണ് രണ്ടിന്റെയും ഹൈബ്രിഡ് മോഡലുകള്‍ പ്രദര്‍ശിപ്പിച്ചത്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ വാഹനത്തില്‍നിന്ന് പുറത്തുവരുന്ന CO2 അളവ് കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ ഓഫ് റോഡ് കരുത്തും പുതിയ കോംപസ്, റെനഗേഡ് ഹൈബ്രിഡില്‍ ജീപ്പ് ഉറപ്പുതരുന്നുണ്ട്.
ഇലക്ട്രിക് മോട്ടോറിനൊപ്പം 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കോംപസ്, റെനഗേഡ് ഹൈബ്രിഡിന് കരുത്തേകുക. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുംകൂടി ചേര്‍ന്ന് റെനഗേഡില്‍ 187-237 ബിഎച്ച്പി പവറും കോംപസില്‍ 237 ബിഎച്ച്പി പവറുമാണ് നല്‍കുക. പെട്രോള്‍ എന്ജിന് മുന്നിലെ വീലിലേക്കും ഇലക്ട്രിക് മോട്ടോര്‍ പിന്നിലേക്കുമാണ് കരുത്തെത്തിക്കുക. ഇലക്ട്രിക് ആള് വീല്‍ ഡ്രൈവ് സിസ്റ്റം ഓഫ് റോഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് മികച്ച ടോര്‍ക്കും വാഹനത്തിന് നല്‍കും.
രണ്ടിലും ഇലക്ട്രിക് കരുത്തിനെ മാത്രം ആശ്രയിച്ച് 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഇലക്ട്രിക് മോഡിലെ പരമാവധി വേഗം. ഏഴ് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഹൈബ്രിഡ് കോംപസ്, റെനഗേഡിന് സാധിക്കും. എന്ജിന് വഴിയും പ്ലഗ് ഇന്‍ ചാര്‍ജിങ് കേബിള്‍ വഴിയും ബാറ്ററി ചാര്‍ജ് ചെയ്യാം. റഗുലര്‍ പതിപ്പില്‍നിന്ന് വ്യത്യസ്തമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതുക്കിപ്പണിത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഹൈബ്രിഡ് പതിപ്പിലുണ്ട്. 2020 തുടക്കത്തോടെ ഈ ഹൈബ്രിഡ് പതിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
Content Highlights; Jeep previews plug-in hybrid Jeep Renegade and Jeep Compass at geneva
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..