ജീപ്പ് കോംപാക്ട് എസ്.യു.വിയുടെ ചിത്രം | Photo: Motor1.com
അമേരിക്കന്‍ എസ്.യു.വി. നിര്‍മാതാക്കളായ ജീപ്പിന്റെ വാഹന ശ്രേണിയിലേക്ക് ഒരു കുഞ്ഞന്‍ എസ്.യു.വി. എത്തുന്നു. 2023-ഓടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടലുകളോടെ ജീപ്പിന്റെ കോംപാക്ട് എസ്.യു.വി. പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു. എന്നാല്‍, ഡിസൈനും രൂപവും പൂര്‍ണമായും വെളിപ്പെടുത്തുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
എന്നാല്‍, ഇലക്ട്രിക് വാഹനമായായിരിക്കും ജീപ്പിന്റെ ഈ കോംപാക്ട് എസ്.യു.വി. എത്തുകയെന്നും സൂചനയുണ്ട്. ജീപ്സ്റ്റര്‍ എന്ന പേരില്‍ ജീപ്പിന്റെ ഇലക്ട്രിക് വാഹനം ഒരുങ്ങുന്നുണ്ടെന്ന് മുമ്പുതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ഈ വാഹനത്തിന്റെ ഫ്യുവല്‍ പതിപ്പോ, ഹൈബ്രിഡ് മോഡലോ നിരത്തുകളില്‍ എത്തിയേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ജീപ്പ് റെനഗേഡിന്റെ തൊട്ടുതാഴെയായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനമെന്നാണ് വിലയിരുത്തലുകള്‍. 4.10 മീറ്ററാണ് ഈ വാഹനത്തിന്റെ നീളം.
ജീപ്പിന്റെ പരമ്പാഗത ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. എന്നാല്‍, ഏഴ് സ്ലോട്ടുകള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിലേത് പോലെ ഏഴ് ക്ലോസ് ഓഫ് റിങ്ങുകളാണ് ഗ്രില്ലില്‍ നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, ഇതിന് മുകളില്‍ നല്‍കിയിട്ടുള്ള ഡി.ആര്.എല്‍, വലിയ എയര്‍ഡാം, ഡ്യുവല്‍ ടോണ്‍ ഫിനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍, ഇതില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഫോഗ്ലാമ്പ് എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്.
ജീപ്പ് മറ്റ് വാഹനങ്ങളില്‍ കണ്ടിട്ടുള്ളതിന് സമാനമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലാണ് ഈ വാഹനത്തിലുമുള്ളത്. ക്ലാഡിങ്ങുകളും വീല്‍ ആര്‍ച്ചുകളും നല്‍കിയും വശങ്ങളെ അലങ്കരിച്ചിട്ടുണ്ട്. ലളിതമായ ഡിസൈനാണ് പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ഫൈബര്‍ ആവരണത്തില്‍ ലെന്‍സ് ക്ലിയറായി നല്‍കിയിട്ടുള്ള ടെയില്‍ലൈറ്റ്, ക്ലാഡിങ്ങും സ്കിഡ് പ്ലേറ്റും നല്‍കിയിട്ടുള്ള വലിയ ബമ്പര്‍, റിയര്‍ സ്പോയിലര്‍, ഷാര്‍ക്ക് ഫിന് ആന്റിന് എന്നിവയാണ് പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്.
ജീപ്പ് കമ്പനിയില്‍ നിന്നെത്തുന്ന ആദ്യ ഇലക്ട്രിക് മോഡലായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.എസ്.എ. ഗ്രൂപ്പിന്റെ ഇ-സി.എം.പി. (ഇലക്ട്രിക് കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോം) അടിസ്ഥാനമാക്കിയാണ് ഈ ഇലക്ട്രിക് വാഹനം ഒരുങ്ങുന്നത്. ഇതേ പ്ലാറ്റ്ഫോമില്‍ ഫിയറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ആഗോള നിരത്തുകള്‍ക്കായി ഒരുങ്ങുന്നുണ്ട്. ടിച്ചിയിലെ പോളിഷ് പ്ലാന്റിലാണ് ജീപ്പിന്റെ ഈ ഇലക്ട്രിക് വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതെന്നാണ് സൂചന.
ഇലക്ട്രിക് വാഹനമായി ഒരുങ്ങുന്ന ജീപ്സ്റ്ററില് 50 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയും 10 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായിരിക്കും കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 321 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളത്. 4x4 സംവിധാനം ഒരുക്കുന്ന ശ്രേണിയിലെ ആദ്യ വാഹനമായിരിക്കും ജീപ്സ്റ്റര്‍ എന്നും വിലയിരുത്തലുകളുണ്ട്. 130 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തിയേക്കുമെന്നും വിവരങ്ങളുണ്ട്.
Source: Motor1.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..