ജീപ്പ് മെറിഡിയൻ | Jeep India
ഏഴ് വര്‍ഷം മുമ്പ് 'കോമ്പസു'മായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ 'ജീപ്പ്' വീണ്ടുമെത്തിയിരിക്കുകയാണ് 'മെറിഡിയനു'മായി. 'കോമ്പസി'ന്റെ വിജയം ആവര്‍ത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രംഗപ്രവേശം. ഫോര്‍ഡ് 'എന്‍ഡവര്‍' ഒഴിച്ചിട്ട ആ ശൂന്യതയിലേക്ക് കണ്ണുംനട്ടാണ് 'മെറിഡിയ'ന്റെ വരവ്.
അഴക്
അമേരിക്കന്‍ 'ജീപ്പി'ന്റെ ജീനുകള്‍ നിറഞ്ഞുതന്നെയാണ് 'മെറിഡിയനും' വരുന്നത്. മുന്കാഴ്ചയിലെ സൗന്ദര്യം 'ജീപ്പി'ന്റെ സ്വതസിദ്ധമായ ഏഴ് കള്ളികള്‍ ഉള്‍ക്കൊള്ളുന്ന ഗ്രില്ലാണ്. ഇന്ത്യനായപ്പോള് കുറച്ച് വെള്ളിയുടെ ആധിക്യമുണ്ടെന്നു മാത്രം. ഹെഡ്ലൈറ്റില് ചെറിയ മാറ്റമുണ്ട്. അതില്‍ ഡി.ആര്.എല്ലുകൂടി ചേര്‍ത്തതോടെ ആ ക്ലസ്റ്ററിന് സൗന്ദര്യം കൂടി.
താഴേക്ക് വരുമ്പോള്‍ പുതിയ എയര്‍ ഇന്‍ടേക് വന്നു. മുന്‍ഭാഗത്തിന് കൂടുതല്‍ ഭംഗിവരുത്താന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. ചെറിയ ഫോഗ് ലാമ്പ്, താഴെയുള്ള ക്രോം ലൈനിങ് എന്നിവയും ആകര്‍ഷകമായിട്ടുണ്ട്. ബോണറ്റില്‍ വന്നിട്ടുള്ള ബോഡിലൈനിങ്ങാണ് മറ്റൊരു ആകര്‍ഷണം.

അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് ഉയര്‍ന്ന 'കോമ്പസ്' എന്നുവേണമെങ്കില്‍ 'മെറിഡിയ'നെ പറയാം. 'കോമ്പസി'ന്റെ പ്ലാറ്റ്ഫോമില്‍ത്തന്നെയാണ് 'മെറിഡിയ'നും വരുന്നത്. അല്‍പ്പം നീളം കൂട്ടിയെന്നേയുള്ളു. പതിനെട്ടിഞ്ച് ചക്രങ്ങളില്‍ ഉയര്ന്നുനില്ക്കുമ്പോള് ഒരു വലിയവണ്ടിയുടെ പ്രതീതിയുണ്ട്. ഇനി പിന്‍ഭാഗത്ത് വന്നാല്‍ ടെയില്‍ലാമ്പിന്റെ ഭംഗി കാണാം. നാല് വജ്രക്കട്ടകളാണ് എല്‍.ഇ.ഡി. ലാമ്പുകളായി ചുവന്ന വെളിച്ചം പകരുന്നത്. ഇവിടെയും ക്രോമിനെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബമ്പറിലും ക്രോംബാറുണ്ട്. സ്കിഡ് പ്ലേറ്റും നല്കിയിരിക്കുന്നു.
മൂന്നും നാലും തട്ടുകളായുള്ള ഡാഷ്ബോര്‍ഡ് ഉള്ളില്‍ കാണാം. തവിട്ട് തുകല്ക്കെട്ടിലാണ് ഡാഷ്ബോര്‍ഡ്. ഇതില്‍ മുഴുവന്‍ നീണ്ടുകിടക്കുന്ന ലൈനിനകത്താണ് എ.സി. വെന്റുകള്‍. 1,025 ഇഞ്ച് സ്ക്രീനില്‍ എല്ലാം തെളിയും. ആപ്പിള്‍ കാര്‍പ്ല, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ പോകുന്നു മറ്റ് ആകര്ഷണങ്ങള്. മുന്നിലെ രണ്ട് സീറ്റുകള്‍ വെന്റിലേറ്റഡാണ്.

ഒരു വര്‍ഷം മുമ്പാണ് 'കോമ്പസ്' മുഖംമാറിയെത്തിയത്. അതിലെ എല്ലാ മാറ്റങ്ങളും 'മെറിഡിയനി'ലേക്കും പറിച്ചുനട്ടിട്ടുണ്ട്. പത്തിഞ്ചിന്റെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും പൂര്‍ണമായും ഡിജിറ്റലാണ്. പനോരമിക് സണ്‍റൂഫ് മികച്ച കാഴ്ചയും നല്കുന്നു. രണ്ടാംനിരയില്‍ ആവശ്യത്തിന് സൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍, മൂന്നാംനിരയില്‍ മുതിര്‍ന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം കുറവാണ്.
എന്ജിന്
'കോമ്പസി'ല്‍ കണ്ട അതേ എന്ജിന് തന്നെയാണ് 'മെറിഡിയനി'ലും. 170 എച്ച്.പി. കരുത്ത് നല്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്ജിന്. ഡ്രൈവിങ്ങില്‍ വണ്ടിയുടെ വലുപ്പം തീരെ അറിയില്ല. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് 'മെറിഡിയന്' വരുന്നത്.
തുടക്കത്തില്‍ പതുക്കമുണ്ടെങ്കിലും പിന്നീട് പതുക്കെ കരുത്താര്‍ജിക്കുന്ന സ്വഭാവമാണ് 'മെറിഡിയന്'. അതായത് സിറ്റി റൈഡുകളേക്കാള് ആസ്വാദ്യം ഹൈവേ ഡ്രൈവുകളാണ്. 25 ലക്ഷം മുതല്‍ 35 ലക്ഷം വരെയാണ് വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..