ലക്ട്രിക് വാഹനങ്ങളുടെ ഭാവി തിരിച്ചറിഞ്ഞ ലോകത്താകമാനമുള്ള വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇവരുടെ ചുവടുപിടിച്ച് ഇലക്ട്രിക് വാഹനങ്ങളില്‍ സജീവമാകാനുള്ള നീക്കത്തിലാണ് അമേരിക്കന്‍ എസ്.യു.വി. നിര്‍മാതാക്കളായ ജീപ്പും. വാഹന നിരയിലെ എല്ലാം മോഡലുകളുടെയും ഇലക്ട്രിക് പതിപ്പ് ഭാവിയില്‍ വിപണിയിലെത്തുമെന്നാണ് ഇവര്‍ ഉറപ്പുനല്‍കുന്നത്. 

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി ആദ്യ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് ജീപ്പ്. കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ ജീപ്പ് എത്തിക്കാനിരിക്കുന്ന വാഹനം പൂര്‍ണ ഇലക്ട്രിക് മോഡലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹന നിരയിലെ ആദ്യ മോഡലാകുന്ന ഈ വാഹനം റെനഗേഡ് എസ്.യു.വിക്ക് താഴെയായിരിക്കും നല്‍കുകയെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

2025- ഓടെ പൂര്‍ണമായും എമിഷന്‍ ഫ്രീ വാഹനങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് ജീപ്പ് പ്രവര്‍ത്തിക്കുന്നതെന്നാണ് ജീപ്പ് സി.ഇ.ഒ. അറിയിച്ചിരിക്കുന്നത്. എല്ലാ വാഹന ശ്രേണിയിലും ഇലക്ട്രിക് മോഡല്‍ എത്തിക്കുന്നത് സംബന്ധിച്ച നീക്കങ്ങളും പുരോഗമിക്കുന്നുണ്ടെന്ന് ജീപ്പ് വാഹനങ്ങളുടെ എക്സ്റ്റീരിയര്‍ ഡിസൈന്‍ മേധാവി അറിയിച്ചു. കമ്പനിയുടെ 80-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം നടത്തിയത്. 

കോംപാക്ട് എസ്.യു.വി.കള്‍ക്കായി ഗ്രൂപ്പ് പിഎസ്എ ഒരുക്കുന്ന കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ജീപ്പിന്റെ പുതിയ കോംപാക്ട് എസ്.യു.വി. ഒരുങ്ങുകയെന്നാണ് സൂചനകള്‍. ഇന്ത്യയില്‍ എത്താനൊരുങ്ങുന്ന സിട്രോണ്‍ സി3-ക്കും ഈ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. ഇലക്ട്രിക്കിനൊപ്പം സി3-യുമായി മെക്കാനിക്കല്‍ ഫീച്ചര്‍ പങ്കിടുന്ന പെട്രോള്‍ പതിപ്പും എത്തിയേക്കുമെന്നും സൂചനയുണ്ട്.

പ്യൂഷെ ഇ-208, ഇ-2008, കോര്‍സ ഇ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ക്കും സി.എം.പി. പ്ലാറ്റ്‌ഫോം അടിസ്ഥാനമൊരുക്കുന്നുണ്ട്. എന്നാല്‍, ഇവയില്‍ 4 വീല്‍ ഡ്രൈവ് സംവിധാനം സാധ്യമാക്കിയിട്ടില്ല. ജീപ്പിന്റെ ഇലക്ട്രിക് കോംപാക്ട് എസ്.യു.വിയുടെ ഡിസൈന്‍ ശൈലികളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജീപ്പ് സിഗ്‌നേച്ചര്‍ ഡിസൈന്‍ ശൈലി പിന്തുടര്‍ന്നായിരിക്കും ഈ മോഡലും എത്തുകയെന്നാണ് സൂചന.

Source: Auto Express 

Content Highlights: Jeep Is Planning To Launch All Electric Compact SUV