ജീപ്പ് കോംപസ് നൈറ്റ് ഈഗിൾ | Photo: Jeep India
കറുപ്പില്‍ മുങ്ങികുളിച്ച് ജീപ്പ് കോംപസിന്റെ പുതിയ ഒരു അവതാരം കൂടി നിരത്തുകളില്‍ എത്തുകയാണ്. നൈറ്റ് ഈഗിള്‍ എന്ന് പേരിട്ടിരിക്കുന്ന വേരിയന്റാണ് കോംപസ് നിരയില്‍ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്നത്. കോംപസിന്റെ ലിമിറ്റഡ് വേരിയന്റിന് താഴെയായി സ്ഥാനം പിടിച്ചിട്ടുള്ള നൈറ്റ് ഈഗിള്‍ പതിപ്പിന് 21.95 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഫെബ്രുവരിയില്‍ എത്തിയ പുതിയ കോംപസ് കറുപ്പണിഞ്ഞാണ് നൈറ്റ് ഈഗിള്‍ ആയിരിക്കുന്നത്.
ലൈറ്റുകള്‍ ഒഴികെ എക്സ്റ്റീരിയറില്‍ പൂര്‍ണമായും കറുപ്പണിഞ്ഞാണ് നൈറ്റ് ഈഗിള്‍ ഒരുങ്ങിയിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ല്, പൂര്‍ണമായും കറുപ്പണിഞ്ഞ 18 ഇഞ്ച് അലോയി വീല്‍ എന്നിവയ്ക്ക് പുറമെ, റൂഫ് റെയില്‍, ഫോഗ്ലാമ്പ് ബെസല്‍ തുടങ്ങിയവയ്ക്കും ഗ്ലോസി ബ്ലാക്ക് നിറമാണ് നല്‍കിയിട്ടുള്ളത്. ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ്, എയര്‍ഡാം തുടങ്ങിയ ഫീച്ചറുകള്‍ കോംപസിന്റെ മറ്റ് വേരിയന്റുകളില്‍ നിന്ന് കടംകൊണ്ടവയാണ്.
ഡാഷ്ബോര്‍ഡിലൂടെ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പും ഡോര്‍ ഹാന്‍ഡിലിലെ ക്രോമിയം ആവരണവും ഒഴിച്ച് നിര്‍ത്തിയാല്‍ പൂര്‍ണമായും കറുപ്പണിഞ്ഞ അകത്തളമാണ് നൈറ്റ് ഈഗിളില്‍ നല്‍കിയിട്ടുള്ളത്. പിയാനോ ബ്ലാക്ക് നിറമാണ് അകത്തളത്തിനെ ആകര്‍ഷകമാക്കുന്നത്. ബ്ലാക്ക് വിനൈല്‍ സീറ്റുകളില്‍ ലൈറ്റ് ടങ്ങ്സ്റ്റണ് സ്റ്റിച്ചിങ്ങാണ് നല്‍കിയിട്ടുള്ളത്. ഡോര്‍ ട്രിമ്മുകളിലും ബ്ലാക്ക് വിനൈല്‍ ഇന്‍സേര്‍ട്ടുകള്‍ അഴകേകുന്നുണ്ട്.

അകത്തളത്തിലെ ഫീച്ചറുകള്‍ കോംപസിന്റെ മറ്റ് വേരിയന്റുകള്‍ക്ക് സമാനമാണ്. യു കണക്ട്-5 സംവിധാനമുള്ള 10.1 ഇഞ്ച് എച്ച്.ഡി. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി സംവിധാനം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകളും നൈറ്റ് ഈഗിള്‍ പതിപ്പില്‍ ഒരുക്കിയിട്ടുണ്ട്.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ എന്ജിന്, 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബോ പെട്രോള്‍ എന്നീ എന്ജിന് ഓപ്ഷനുകളിലാണ് കോംപസ് നൈറ്റ് ഈഗിള്‍ എഡിഷന് എത്തിയിരിക്കുന്നത്. ഡീസല്‍ മോഡലില്‍ ആറ് സ്പീഡ് മാനുവലും പെട്രോള്‍ മോഡലില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് ട്രാന്സ്മിഷന് ഒരുങ്ങുന്നത്. ഓള് സ്പീഡ് ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്ട്രോള് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.
Content Highlights: Jeep India drives in the all-black Compass Night Eagle trim
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..