ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിര്‍ണായക ശക്തിയായ വാഹനമാണ് ജീപ്പ് കോംപസ്. അഞ്ച് സീറ്റര്‍ മോഡലില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ഏഴ് സീറ്റ് പതിപ്പ് 2020-ല്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇത് 2021 ശേഷം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജീപ്പ് കോംപസിന്റെ പുതിയ പതിപ്പ് അടുത്ത വര്ഷമെത്തിക്കാനുള്ള പദ്ധതിയുള്ളതിനാലാണ് ഏഴ് സീറ്റ് പതിപ്പിന്റെ വരവ് നീളുന്നതെന്നാണ് സൂചന. പ്രീമിയം എസ്യുവികളുടെ വിപണിയില്‍ നേരിട്ട ഇടിവും ഈ വാഹനത്തിന്റെ വരവ് വൈകാന്‍ കാരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോ-ഡി എന്ന കോഡ് നെയിമിലാണ് കോംപസ് സെവന് സീറ്റര്‍ നിര്‍മിക്കുന്നത്. കോംപസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായിരിക്കും ഈ വാഹനമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2022-ഓടെ വിപുലമായ വാഹനനിരയാണ് ജീപ്പ് ഇന്ത്യക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്.
ജീപ്പ് കോമ്പസിന്റെ പ്ലാറ്റ്ഫോമില്‍ തന്നെയാണ് സെവന് സീറ്ററിന്റെയും നിര്‍മാണം. കോമ്പസിന്റെ പ്ലാറ്റ്ഫോം തദ്ദേശിയമായി വികസിപ്പിക്കുന്നതിനാല്‍ വാഹനത്തിന്റെ നിര്‍മാണ ചിലവില്‍ കുറവ് വരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇന്ത്യയിലെ പ്രീമിയം എസ്യുവികളിലെ താരങ്ങളായ ടൊയോട്ട ഫോര്‍ച്യുണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, ഹോണ്ട സിആര്‍-വി എന്നീ വാഹനങ്ങളായിരിക്കും സെവന് സീറ്റര്‍ കോംപസിന്റെ എതിരാളികള്‍. ഈ വാഹനങ്ങള്‍ക്കൊപ്പമായിരിക്കും ഇതിന്റെ വിലയുമെന്നാണ് വിവരം.
Content Highlights: Jeep Compass 7-Seater India Launch After 2021