ആസ്റ്റൺ മാർട്ടിൻ ഡി.ബി.എക്സ്. | Photo: Astonmartin.com
ആസ്റ്റണ്‍ മാര്ട്ടിന് എന്ന പേര് ചേര്‍ത്തുവായിക്കുന്നത് 'ജെയിംസ് ബോണ്ട്' എന്ന വിഖ്യാതചാര്യന്റെ പേരിനൊപ്പമാണ്. എന്നാല്‍, ചരിത്രം നോക്കുകയാണെങ്കില്‍ ബോണ്ടിനേക്കാളും പാരമ്പര്യപ്പെരുമയുണ്ട് ആസ്റ്റണ്‍ മാര്ട്ടിന്. ബോണ്ടിന്റെ സാഹസിക യാത്രകള്‍ക്ക് കൂട്ടായെങ്കിലും 107 വര്‍ഷത്തെ സുദീര്‍ഘ പ്രവര്‍ത്തന പാരമ്പര്യമാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്കുള്ളത്. കരുത്തേറിയ സെഡാന് മോഡലുകള്‍ക്ക് പുറമെ എസ്.യു.വി.യിലേക്കുള്ള മാറ്റമായിരുന്നു 'ഡി.ബി.എക്സ്'. അത് ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്.
ഷോറൂമില്‍ 3.82 കോടി രൂപ വിലമതിക്കുന്ന 'ഡി.ബി.എക്സി'ന്റെ 11 യൂണിറ്റാണ് ഇന്ത്യയില്‍ വില്‍ക്കാനായി വരുന്നത്. ബെന്റ്ലി 'ബെന്റൈഗ', ലംബോര്‍ഗിനി 'ഉറുസ്', പോര്‍ഷെ 'കയീന് ടര്‍ബോ', ഔഡി 'ആര്.എസ്.ക്യു. എയ്റ്റ്' എന്നിവരാണ് എതിരാളികള്‍.
അഞ്ചു വര്‍ഷമായി തുടരുന്ന വികസന പദ്ധതിക്കൊടുവിലാണ് 'ഡി.ബി.എക്സ്.' യാഥാര്‍ഥ്യമാവുന്നത്. വരുംവര്‍ഷങ്ങളില്‍ കമ്പനിയുടെ വാഹന വില്‍പ്പനയില്‍ പകുതിയും 'ഡി.ബി.എക്സി'ന്റെ സംഭാവനയാകുമെന്നാണ് പ്രതീക്ഷ. സ്പോര്‍ട്സ് കാറുകള്ക്കുമപ്പുറം കുടുംബങ്ങളെക്കൂടി തങ്ങളുടെ ആരാധകരാക്കാന്‍ കഴിയുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രകടനക്ഷമതയ്ക്കും കാഴ്ചപ്പകിട്ടിനുമൊപ്പം ഉപയോഗക്ഷമത കൂടി 'ഡി.ബി.എക്സി'ല്‍ ഒത്തുചേരുന്നുണ്ട്.
മെഴ്സിഡസ് ബെന്‍സ് 'എ.എം.ജി.'യില്‍ നിന്നുള്ള നാല് ലീറ്റര്‍, ഇരട്ട ടര്‍ബോ വി എട്ട് എന്‍ജിനാണ് 'ഡി. ബി.എക്സി'ന് കരുത്തേകുന്നത്. 550 പി.എസ്. വരെ കരുത്തും 700 എന്‍.എമ്മോളം ടോര്‍ക്കും ഈ എന്ജിന് സൃഷ്ടിക്കും. ഇന്ധനക്ഷമത മെച്ചപ്പെടുത്താനായി വേഗം കുറയുമ്പോള്‍ സിലിന്‍ഡറുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്ന സിലിന്‍ഡര്‍ ഡീ ആക്ടിവേഷന് സാങ്കേതിക വിദ്യയുമുണ്ടാകും. വേഗസൂചി 100 തൊടാന്‍ 4.5 സെക്കന്‍ഡ് മതി. 'ഡി.ബി.എക്സി'ന്റെ പരമാവധി വേഗം മണിക്കൂറില്‍ 291 കിലോമീറ്ററാണ്.
ഒന്‍പത് സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്സും ആക്ടീവ് ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ സഹിതം ഓള് വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. എന്ജിന് സൃഷ്ടിക്കുന്ന ടോര്‍ക് മുന്‍ വീലിലേക്കും പിന്വീലിലേക്കും യഥേഷ്ടം തിരിച്ചുവിടാം.
10.25 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, 360 ഡിഗ്രി ക്യാമറ, രണ്ടു മേഖലയിലായി 64 നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിങ്, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, 800 വാട്ട് 14 സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് അകത്തളത്തിലുള്ളത്.ഫുള്‍സൈസ് എസ്.യു.വി.യായാണ് ആസ്റ്റന്‍ മാര്ട്ടിന് 'ഡി.ബി.എക്സി'നെ ഒരുക്കിയിരിക്കുന്നത്. 5039 എം.എം. നീളവും 1998 എം.എം. വീതിയും 1680 എം.എം. ഉയരവും 3060 എം.എം. വീല്‍ബേസും 190 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഈ വാഹനത്തിനുള്ളത്.
മുഖം പൂര്‍ണമായും പൊതിയുന്ന ഡി.ബി. ഗ്രില്ല്, ബോണറ്റിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകല്പന ചെയ്ത ഹെഡ് ലാമ്പ്, സ്പോര്‍ട്സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബര്‍, ഫോഗ് ലാമ്പിന് ചുറ്റും നല്‍കിയിട്ടുള്ള ഡി.ആര്.എല്‍, പവര്‍ ലൈനുകള്‍ നല്കി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്.
Content Highlights; James Bond Car Aston Martin DBX SUV Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..