റേഞ്ച് റോവര്‍ ഇവോക്ക് എസ്.യു.വിയുടെ രൂപം അതേപടി കോപ്പിയടിച്ച് ലാന്‍ഡ്‌വിന്‍ഡ്‌ എക്സ് 7 എന്ന പേരില്‍ പുറത്തിറക്കിയ ജിയാന്‍ങ്ക്ളിങ് മോട്ടോര്‍ കോര്‍പ്പറേഷനെതിരേ ചൈനീസ് കോടതി ഉത്തരവ്. രൂപം പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ നല്‍കിയ കേസില്‍ ലാന്‍ഡ്‌വിന്‍ഡ്‌ നിര്‍മാണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ ബീജിങ് ചയാങ് ജില്ലാ കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിദേശ കമ്പനിയായ ലാന്‍ഡ് റോവറിന് അനുകൂലമായ വിധി കോടതിയില്‍നിന്നുണ്ടായത്. 

landwind

കോപ്പികാറ്റ് ആരോപിച്ച് 2016-ലായിരുന്നു ചൈനീസ് ബ്രാന്‍ഡിനെതിരേ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ നിയമപരമായി നീക്കങ്ങള്‍ തുടങ്ങിയത്. പ്രധാനമായും അഞ്ച് ഫീച്ചേഴ്‌സ് ഇവോക്കില്‍ നിന്ന് ചൈനീസ് ബ്രാന്‍ഡ് കോപ്പിയടിച്ചിട്ടുണ്ടെന്ന് ചയാങ് ജില്ലാ കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജഗ്വാര്‍ ലാന്‍ഡ് റോവറിന് അനുകുലമായ വിധി കോടതി പ്രസ്താവിച്ചത്. വിധിക്കെതിരേ ഇനി 15 ദിവസത്തിനുള്ളില്‍ ജിയാങ്ക്‌ളിങ് മോട്ടോര്‍ കോര്‍പ്പേഷന് അപ്പീല്‍ നല്‍കാം. 

അതേസമയം ഒരു വിദേശ കമ്പനിക്ക് അനുകൂലമായ വിധി ഇതാദ്യമായാണ് ചൈനീസ് കോടതിയില്‍ നിന്നുണ്ടാകുന്നത്. ലാന്‍ഡ് റോവറിന് പുറമേ മറ്റ് പ്രധാനപ്പെട്ട നിര്‍മാതാക്കളും തങ്ങളുടെ മോഡലുകള്‍ ചൈനീസ് കമ്പനി കോപ്പിയടിച്ചെന്ന് ആരോപിച്ച് നിരവധി കേസുകള്‍ ചൈനീസ് കോടതികളില്‍ നല്‍കിയിരുന്നു. എന്നാല്‍ എല്ലാ കേസിലും ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് അനുകൂലമായ വിധിയാണ് ചൈനീസ് കോടതിയില്‍ നിന്നുണ്ടായത്. 

land rover

രൂപത്തില്‍ ലാന്‍ഡ് റോവര്‍ ഇവോക്കും ലാന്‍ഡ്‌വിന്‍ഡ് എക്‌സ് സെവനും ഏറെക്കുറേ ഒരുപോലെയാണെങ്കിലും വിലയില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ലക്ഷ്വറി ബ്രാന്‍ഡായ ലാന്‍ഡ് റോവറിനെക്കാള്‍ പകുതിയില്‍ താഴെ മാത്രം വിലയാണ് ലാന്‍ഡ് വിന്‍ഡ് എക്‌സ് 7 മോഡലിന് ചൈനയിലുണ്ടായിരുന്നുള്ളു. 

Content Highlights; Jaguar Land Rover wins legal battle over Chinese copycat cars