പൂര്‍ണമായി വൈദ്യുതവാഹന ഉത്പാദനത്തിലേക്കു ചുവടുമാറാന്‍ പദ്ധതിയൊരുക്കി ടാറ്റാ മോട്ടോഴ്‌സിനു കീഴിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ്‌റോവര്‍. 2039-ഓടെ 'കാര്‍ബണ്‍ ന്യൂട്രല്‍' കമ്പനിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 2024-ല്‍ ആദ്യ വൈദ്യുതി വാഹനം കമ്പനി പുറത്തിറക്കും.

'റീ ഇമാജിന്‍' എന്ന പേരില്‍ തയ്യാറാക്കിയ പദ്ധതിയിലുടെ നാലു വര്‍ഷംകൊണ്ട് കമ്പനിയുടെ വരുമാന വളര്‍ച്ച ഇരട്ടയക്കത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അടുത്ത അഞ്ചു വര്‍ഷത്തിനകം എസ്.യു.വി. വിഭാഗത്തില്‍ ആറ് വൈദ്യുതവാഹനങ്ങള്‍ പുറത്തിറക്കാനാണ് ലാന്‍ഡ് റോവറിന്റെ പദ്ധതി. റേഞ്ച് റോവര്‍, ഡിസ്‌കവറി, ഡിഫന്‍ഡര്‍ എന്നിവയെല്ലാം വൈദ്യുതവാഹനങ്ങളാക്കി മാറ്റും. 

ഈ നിരയിലെ ആദ്യ വാഹനം 2024-ല്‍ നിരത്തിലെത്തും. 2025-ഓടെ ജഗ്വാറിന്റെ എല്ലാ വാഹനങ്ങളും വൈദ്യുതിയിലേക്കു മാറ്റുമെന്നും കമ്പനി വ്യക്തമാക്കി. പുതിയ പദ്ധതിയുടെ ഭാഗമായി വര്‍ഷം 250 കോടി പൗണ്ട് (25,300 കോടി രൂപ) നിക്ഷേപിക്കുമെന്ന് ജെ.എല്‍.ആര്‍. സി.ഇ.ഒ. തിയറി ബൊല്ലോര്‍ പറഞ്ഞു.

2036-ഓടെ കമ്പനി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉത്പാദനം പൂര്‍ണമായി നിര്‍ത്തും. ബാറ്ററി ടെക്‌നോളജിക്കൊപ്പം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ നിര്‍മാണത്തിനും പദ്ധതിയുണ്ട്. അടുത്ത വര്‍ഷത്തോടെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനത്തിന്റെ മാതൃക ബ്രിട്ടനില്‍ പരീക്ഷണ ഓട്ടത്തിനിറക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Jaguar Land Rover Make All Jaguar, Land Rover Models as Electric Vehicles by 2025