കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് പ്രീമിയം വാഹനനിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. വാഹനങ്ങളുടെ വില്‍പ്പന, സര്‍വീസ് നടപടികള്‍ എന്നിവയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ വാഹനവിപണിയില്‍ ആദ്യമായി ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച കമ്പനികളിലൊന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ജാഗ്വാറിനായി findmeacar.in എന്ന വെബ്‌സൈറ്റും ലാന്‍ഡ് റോവറിനായി findmeasuv.in എന്ന വെബ്‌സൈറ്റുമാണ് ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം jaguar.in, landrover.in വെബ്‌സൈറ്റുകള്‍ കൂടി ചേര്‍ത്ത് സര്‍വീസും കാര്യക്ഷമമാക്കുകയാണ്. 

കൂടുതല്‍ മെച്ചപ്പെടുത്തിയ വിപണന-സര്‍വീസ് പോര്‍ട്ടലുകളിലൂടെ സമ്പര്‍ക്കരഹിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമെ, ആകര്‍ഷകമായ ആനുകൂല്യങ്ങളും കമ്പനി ഒരുക്കും. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ സേവനം കാര്യക്ഷമമാക്കുന്നതെന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ മേധാവി രോഹിത് സൂരി പറഞ്ഞു.

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ findmeacar.in, findmeasuv.in എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ വാഹനത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍, താരതമ്യം ചെയ്യാനുള്ള അവസരം, ഓണ്‍ലൈന്‍ ചാറ്റ്, ക്ലിക്ക് ടു കോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിനൊപ്പം വാഹനം വാങ്ങിക്കുന്നവര്‍ക്ക് ഡെലിവറി ചെയ്യുന്നതിനുള്ള ഓപ്ഷനും ഇതിലൂടെ തിരഞ്ഞെടുക്കാം.

സര്‍വീസിനായി jaguar.in, landrover.in എന്നിവ ഉപയോഗിക്കാം. വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം സര്‍വീസിനുള്ള സമയവും തീയതിയും ഇതിലൂടെ തിരഞ്ഞെടുക്കാം. കമ്പനിയില്‍ നിന്ന് സ്ഥിരീകരിച്ചുള്ള മെസേജ് ലഭ്യമായാല്‍ പിക്ക് അപ്പ്-ഡ്രോപ്പ് സേവനവും തിരഞ്ഞെടുക്കാന്‍ സാധിക്കും. പേമെന്റുകള്‍ക്കായും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. 

Content Highlights: Jaguar Land Rover Introduce Contact Less Sales and Service Platform