വൈറസ്, ബാക്ടീരിയ തുടങ്ങിയവയില്‍ നിന്ന് പ്രതിരോധം ഒരുക്കുന്ന എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം ഒരുക്കി ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍. വാഹനത്തിനുള്ളില്‍ നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ള ഈ പ്യൂരിഫയര്‍ വൈറസ്, ബാക്ടീരിയ തുടങ്ങിവയില്‍ നിന്ന് 97 ശതമാനം പ്രതിരോധം തീര്‍ക്കുമെന്ന് തെളിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. 

ഹീറ്റിങ്ങ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിങ്ങ് എന്നിവയടങ്ങുന്ന സംവിധാനത്തിന്റെ പ്രോട്ടോടൈപ്പില്‍ പാനാസോണിക്കിന്റെ നാനോ എക്‌സ് ടെക്‌നോളജിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ സംവിധാനമാണ് ബാക്ടീരിയയേയും വൈറസിനെ പ്രതിരോധിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ജഗ്വാര്‍ ലാന്‍ഡ് റോവര്‍വാഹനങ്ങളില്‍ ഭാവിയില്‍ ഈ സംവിധാനം നല്‍കും.

പാനാസോണിക്കിന്റെ പുതിയ സാങ്കേതികവിദ്യയാണ് നാനോ എക്‌സ്. ഇത് ഫലപ്രദമായ പ്രതിരോധം ഒരുക്കുമെന്ന് തെളിഞ്ഞിട്ടുള്ളതായാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. പ്രമുഖ മൈക്രോബയോളജി വൈറോളജി ലാബായ പെര്‍ഫെക്ട് ബയോമെഡ് ലിമിറ്റഡുമായി ചേര്‍ന്നാണ് ലാന്‍ഡ് റോവര്‍ ക്യാബിന്‍ എയര്‍ പ്യൂരിഫിക്കേഷന്‍ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. 

ഉപയോക്താക്കളുടെ ആരോഗ്യമാണ് കമ്പനിക്ക് ഏറ്റവും പ്രധാനം. ഈ സാഹചര്യത്തില്‍ ഉപയോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ ഒരു ഉദ്യമം നടപ്പാക്കുകയാണ്. വാഹനത്തിന് അകത്തളുള്ള അന്തരീക്ഷം ശുദ്ധിയുള്ളതാക്കുന്നതിലൂടെ വാഹന ഉടമയ്ക്ക് മികച്ച ഡ്രൈവിങ്ങ് അനുഭവം ഒരുക്കാനാകുമെന്ന് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ മെഡിക്കല്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു. 

ഈ പരീക്ഷണത്തോടെ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതുതലമുറ വാഹനങ്ങളില്‍ ക്യാബിന്‍ ഫില്‍ട്ടറേഷന്‍ സാങ്കേതികവിദ്യ ഒരുക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ്. നിലവില്‍ ജഗ്വാറിന്റെ എല്ലാ മോഡലുകളിലും ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഇവോക് തുടങ്ങിയ വാഹനങ്ങളിലും നാനോ ടെക്‌നോളജിയും പി.എം. 2.5 ഫില്‍ട്ടറേഷനും ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

Content Highlights: Jaguar Land Rover Introduce Air Purification To Prevent Virus