
ജാഗ്വാർ ഐ-പേസ് | Photo: Jaguar Land Rover India
ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പുറത്തിറക്കുന്ന ആദ്യ ഓള്-ഇലക്ട്രിക് പെര്‍ഫോമെന്‍സ് എസ്.യു.വിയായ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിങ്ങ് ആരംഭിച്ചു. 2021 മാര്‍ച്ച് മാസം മുതല്‍ വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം എസ്, എസ്.ഇ, എച്ച്.എസ്.ഇ എന്നീ വേരിയന്റുകളില്‍ നിരത്തുകളിലെത്തും.
2019-ല്‍ അവതരിപ്പിച്ച ഐ-പേസിന്റെ പെര്‍ഫോമെന്‍സ് പതിപ്പാണ് നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. അരങ്ങേറ്റം മുതല്‍ വലിയ സ്വീകാര്യത സ്വന്തമാക്കിയ വാഹനമാണ് ഐ-പേസ്, വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ തുടങ്ങി 80 അവാര്‍ഡുകളാണ് ഐ-പേസ് ചുരുങ്ങിയ കാലംകൊണ്ട് നേടിയത്.
രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്നായി 400 പി.എസ് കരുത്ത് ഉത്പാദിപ്പിക്കുന്ന 90 കിലോവാട്ട്സ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. പെര്‍ഫോമെന്‍സ് പതിപ്പിലേക്ക് വരുമ്പോള്‍ മികച്ച കുതിപ്പാണ് ഈ വാഹനം നല്‍കുന്നത്. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും.
എട്ട് വര്‍ഷം വരെയും അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വരെയുമാണ് ഐ-പേസിലെ ബാറ്ററിക്ക് നിര്‍മാതാക്കള്‍ നല്കുന്ന വാറണ്ടി. ഇതിനുപുറമെ, അഞ്ച് വര്‍ഷ സര്‍വീസ് പാക്കേജ്, റോഡ് സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എ.സി വാള് മൗണ്ടഡ് ചാര്‍ജര്‍ തുടങ്ങിയവയും ഐ-പേസ് ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടാറ്റ പവറുമായി സഹകരിച്ച് ഓഫീസ്, ഹോം ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിനൊപ്പം ടാറ്റ പവര്‍ ഇസെഡ് ചാര്‍ജ് സംവിധാനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഇരുനൂറില്‍ അധികം ഇലക്ട്രിക് വാഹന ചര്‍ജിങ്ങ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
Content Highlights: Jaguar Land Rover India Announce Bookings Of Electric Performance SUV Jaguar I-PACE
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..