ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (JLR) ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ബ്രക്‌സിറ്റിന് ശേഷം രാജ്യത്തെ വാഹന വിപണിയില്‍ പുത്തന്‍ ഉണര്‍വിന് ലക്ഷ്യമിട്ടാണ് പരിസ്ഥിതി സംരക്ഷണത്തിനും മുന്‍ഗണന നല്‍കി ജാഗ്വാറിന്റെ പുതിയ പദ്ധതി.

കമ്പനിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ I-പേസ് ഇക്കഴിഞ്ഞ ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഓസ്ട്രിയയിലായിരുന്നു ഈ പ്രൊഡക്ഷന്‍ വേരിഷന്‍ നിര്‍മിച്ചതെങ്കിലും തുടര്‍ന്നുള്ള നിര്‍മാണം ബ്രിട്ടനിലായിരിക്കും. സെന്‍ട്രല്‍, നോര്‍ത്ത് ഇംഗ്ലണ്ടിലുമായി മൂന്ന് നിര്‍മാണ ശാലകളാണ് കമ്പനിക്കുള്ളത്.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ക്കായി അടുത്തിടെ ബ്രിട്ടന്‍ 48.5 കോടി ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ മൊത്തം നിര്‍മിക്കുന്ന കാറുകളുടെ പകുതിയോളം ഇലക്ട്രിക് വിഭാഗത്തിലുള്ളവയാകുമെന്ന് ജെ.എല്‍.ആര്‍. അറിയിച്ചിട്ടുണ്ട്. പോയ വര്‍ഷം 16 ലക്ഷം കാറുകളാണ് ജെ.എല്‍.ആര്‍. ബ്രിട്ടനില്‍ പുറത്തിറക്കിയത്.