ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹന നിര്‍മാണ കമ്പനിയായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന ആദ്യ ഇലക്ട്രിക് എസ്.യു.വി. ഐ-പേസ് നിരത്തുകളില്‍ എത്താന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ഈ വാഹനത്തെ വരവേല്‍ക്കാന്‍ രാജ്യത്തുടനീളമുള്ള ജഗ്വാര്‍ ഡീലര്‍ഷിപ്പുകള്‍ ഒരുങ്ങിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. മാര്‍ച്ച് 23-ന് ജഗ്വാര്‍ ഐ-പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള 19 നഗരങ്ങളിലായി 22 ഔട്ട്ലെറ്റുകളിലാണ് ഐ-പേസ് ഇലക്ട്രിക്കിനുള്ള വില്‍പ്പനയും വില്പനാന്തര സേവനങ്ങളും ഒരുക്കിയിട്ടുള്ളത്. ഈ വാഹനത്തിന്റെ വരവിനോട് അനുബന്ധിച്ച് മെട്രോ സിറ്റികളില്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ റീട്ടെയിലര്‍ ശൃംഖലയുടെ നേതൃത്വത്തില്‍ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസ് കാര്യങ്ങളില്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.
ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നേതൃത്വത്തില്‍ 35 ഓളം ചാര്‍ജിങ്ങ് സെന്ററുകള്‍ ഇന്ത്യയിലെ നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനം എത്തുന്നതോടെ കൂടുതല്‍ ചാര്‍ജറുകള്‍ ഒരുക്കാനാണ് പദ്ധതി. ജഗ്വാര്‍ ഐ-പേസ് ടാറ്റ പവേഴ്സ് ചാര്‍ജ് നെറ്റ്വര്‍ക്കുകളിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടാറ്റയുടെ ചാര്‍ജിങ്ങ് ശൃംഖലയുടെ ഭാഗമായി 200-ല്‍ അധികം ചാര്‍ജിങ്ങ് സെന്ററുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക്ക് മോഡലുകളെക്കാള്‍ റേഞ്ചാണ് ഐ-പേസിന് ജഗ്വാര്‍ വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 470 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ജഗ്വാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. 294 കിലോ വാട്ട് പവറും 696 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന 90 കിലോ വാട്ട് ബാറ്ററിയാണ് ഇതിലുള്ളത്. കേവലം 4.8 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് മറ്റൊരു പ്രത്യേകത.
കരുത്തും സൗന്ദര്യവും സുരക്ഷയും ഒത്തിണങ്ങിയ വാഹനം എന്നാണ് ഐ-പേസിന് ഇണങ്ങുന്ന വിശേഷണം. ജഗ്വാറിന്റെ മറ്റ് മോഡലുകളുമായി കിടപിടിക്കുന്ന സൗന്ദര്യമാണ് ഇതിലുള്ളത്. ജഗ്വാര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ഡ്യുവല്‍ പോഡ് എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, ഡി.ആര്.എല്‍, ഷാര്‍പ്പ് എഡ്ജുകളുള്ള ബമ്പര്‍, നീളത്തിലുള്ള ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബോഡി, സ്റ്റൈലിഷായി ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ള അലോയി വീല്‍ എന്നിവയാണ് ഐ-പേസ് ഇലക്ട്രിക്കിന് അഴകേകുന്നത്.
Content Highlights: Jaguar Land Rover All Set To Launch I-Pace Electric In India