കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുന്നതിനായി ജാഗ്വര്‍- ലാന്‍ഡ് റോവറിന്റെ കാസ്റ്റില്‍ ബ്രോംവിച്ച് പ്ലാന്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നു. 2020-ഓടെ പൂര്‍ണമായി വൈദ്യുതീകരിച്ച വാഹനങ്ങള്‍ പുറത്തിറക്കാനാണിത്.

കാസ്റ്റില്‍ ബ്രോംവിച്ച് പ്ലാന്റില്‍ ഒരുങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനം ആഡംബര ശ്രേണിയില്‍ വരുന്ന എക്‌സ്.ജെ മോഡലായിരിക്കും. എട്ട് തവണ തലമുറ മാറ്റത്തിന് വിധേയമായ ഈ വാഹനത്തിന്റെ ഇന്ധന പതിപ്പുകള്‍ കഴിഞ്ഞ 50 വര്‍ഷത്തോളമായി നിരത്തുകളിലുണ്ട്.

യു.കെയില്‍ നിര്‍മ്മിക്കുന്ന എക്‌സ്.ജെ. മോഡലുകള്‍ 120-ല്‍ അധികം രാജ്യങ്ങളില്‍ എത്തിക്കുന്നുണ്ട്. അമ്പതു വര്‍ഷത്തെ പാരമ്പര്യത്തിലും കരുത്തിലും പുറത്തിറങ്ങുന്ന പുതുതലമുറ എക്‌സ്.ജെ. ഇലക്ട്രിക് വാഹനവും മികച്ച കരുത്തും ലക്ഷ്വറിയും ഉറപ്പാക്കുന്നതാണ്. 

ജാഗ്വാര്‍ പുറത്തിറക്കിയ ഐ-ഫേസ് ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനര്‍മാരും പ്രോഡക്ട് ഡെവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റുകളുമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെയും നിര്‍മാണത്തിന് നേതൃത്വം നല്‍കുകയെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 

ഉപയോക്താക്കള്‍ക്ക് ഏറ്റവും യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളായിരിക്കും ജാഗ്വര്‍ ലാന്‍ഡ്-റോവര്‍ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വാഹന ഉപയോക്താക്കളുടെ വര്‍ധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിക്ക് വെല്ലുവിളിയാകുമോയെന്ന് കമ്പനിക്ക് ആശങ്കയുണ്ട്.

ഭാവിയില്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുക, സീറോ എമിഷന്‍ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് യു.കെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്ലാന്റ് ഒരുക്കിയതെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മേധാവി റാല്‍ഫ് സ്‌പെത്ത് അഭിപ്രായപ്പെട്ടു.

Content Highlights: Jaguar Land Rover Accelerate Production Of Electric Vehicle