ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാറില്‍നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ആദ്യ ഇലക്ട്രിക് വാഹനമായ ഐ-പേസ് മാര്‍ച്ച് ഒമ്പതിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. 2021-ന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ ജഗ്വാര്‍ ഐ-പേസ് ആദ്യമായി ഇന്ത്യയില്‍ എത്തിയത്. പരീക്ഷണയോട്ടങ്ങള്‍ക്കും മറ്റുമായാണ് ഈ വാഹനം മുംബൈയില്‍ എത്തിച്ചിരുന്നത്.
ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക്ക് മോഡലുകളെക്കാള്‍ റേഞ്ചാണ് ഐ-പേസിന് ജഗ്വാര്‍ വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 470 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ജഗ്വാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. 294 കിലോ വാട്ട് പവറും 696 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന 90 കിലോ വാട്ട് ബാറ്ററിയാണ് ഇതിലുള്ളത്. കേവലം 4.8 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് മറ്റൊരു പ്രത്യേകത.
കരുത്തും സൗന്ദര്യവും സുരക്ഷയും ഒത്തിണങ്ങിയ വാഹനം എന്നാണ് ഐ-പേസിന് ഇണങ്ങുന്ന വിശേഷണം. ജഗ്വാറിന്റെ മറ്റ് മോഡലുകളുമായി കിടപിടിക്കുന്ന സൗന്ദര്യമാണ് ഇതിലുള്ളത്. ജഗ്വാര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ഡ്യുവല്‍ പോഡ് എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, ഷാര്‍പ്പ് എഡ്ജുകളുള്ള ബമ്പര്‍, നീളത്തിലുള്ള ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബോഡി, സ്റ്റൈലിഷായി ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ള അലോയി വീല്‍ എന്നിവയാണ് ഐ-പേസ് ഇലക്ട്രിക്കിന് അഴകേകുന്നത്.
റോഡുകള്‍ക്ക് പുറമെ, ഏത് പ്രതലങ്ങളെയും കീഴടക്കാന്‍ കരുത്തുള്ള ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഐ-പേസില്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, സ്വയം ക്രമീകരിക്കുന്ന സസ്‌പെന്‍ഷനും വിവിധ ഡ്രൈവ് മോഡുകളുമാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. നീണ്ട യാത്രകളില്‍ ബാറ്ററി ചൂടാകുകയാണെങ്കില്‍ അത് തണുപ്പിക്കാനായി പ്രത്യേക വെന്റുകള്‍ തന്നെ മുന്നിലുണ്ട്.ആവശ്യസമയത്ത് അത് തനിയെ തുറന്ന് വായുവിനെ അകത്തേക്ക് വിടും. ആവശ്യം കഴിഞ്ഞാല്‍ അടയുകയും ചെയ്യും.
2018-ലാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ആദ്യ വൈദ്യുത കാറായ ഐ പേസ് പുറത്തിറങ്ങുന്നത്. ഈ ആഡംബര എസ്.യു.വി. തൊട്ടടുത്ത വര്‍ഷം കൈക്കലാക്കിയത് 62 അന്താരാഷ്ട്ര വാഹന പുരസ്‌കാരങ്ങളാണ്. ചരിത്രത്തിലാദ്യമായി ജാഗ്വറിന് യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും കൈയിലെത്തിച്ചു കൊടുത്തത് ഈ വൈദ്യുത വാഹനമാണ്. ആ വര്‍ഷം തന്നെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, മികച്ച ഡിസൈന്‍, ബെസ്റ്റ് ഗ്രീന്‍ കാര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കി.
Content Highlights: Jaguar I-Pace Electric SUV Launch In India On March 9