ലക്ട്രിക് കാറുകളില്‍ കരുത്തനായ ജ്വാഗര്‍ ഐപേസ് നേട്ടങ്ങളുടെ നിറവില്‍. 2019-ലെ യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡാണ് ഈ വാഹനത്തെ തേടിയെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ജാഗ്വര്‍ ഐപേസ് ഈ ബഹുമതി നേടുന്നത്. 

23 രാജ്യങ്ങളില്‍നിന്നായി മോട്ടോറിങ് രംഗത്ത് പ്രാവിണ്യം തെളിയിച്ചിട്ടുള്ള 60 മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടുന്ന ജൂറിയാണ് ഐപേസിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. നവീന സാങ്കേതിക മേന്മ, രൂപകല്പന, പ്രകടനം, പണത്തിനൊത്ത മൂല്യം എന്നിവ ആധാരമാക്കിയായിരുന്നു വിധിനിര്‍ണയം. 

യു.കെ.യില്‍ രൂപകല്പനയും നിര്‍മാണവും നിര്‍വഹിക്കപ്പെട്ട ജാഗ്വാര്‍ ഐപേസിന് ആഗോളതലത്തില്‍ മികച്ച വില്പനനേട്ടമാണ് ലഭിച്ചു വരുന്നത്. 8,000 കാറുകളാണ് ഇന്നുവരെ കൈമാറിയത്. ഇതില്‍ 75 ശതമാനവും യൂറോപ്പിലാണ്.

ഇലക്ട്രിക് പവര്‍ട്രെയിനിന്റെ എല്ലാ മികവും ഏറ്റെടുക്കാവുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ബിസ്പോക്ക് അലുമിനിയം ആര്‍ക്കിടെക്ചര്‍ കൂടിയാകുമ്പോള്‍ സ്‌പോര്‍ട്സ് കാര്‍ പ്രകടനവും എസ്.യു.വി. പ്രായോഗികതയും ഇതില്‍ ഒത്തുചേരുന്നു.

അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 55 അവാര്‍ഡുകളാണ് ഐ-പേസ് നേടിയിട്ടുള്ളത്. യു.കെ. കാര്‍ ഓഫ് ദ ഇയര്‍, ബിബിസി ടോപ്ഗിയര്‍ മാഗസിന്‍ ഇവി ഓഫ് ദ ഇയര്‍, ചൈന ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.

Content Highlights: Jaguar I-PACE Awarded European Car Of The Year