ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കും ചുവടുവയ്ക്കുന്നു. ഇതിന്റെ ആദ്യപടിയായി ബാറ്ററി-ഇലക്ട്രിക്ക് വാഹന വിഭാഗത്തിന്റെ ജഗ്വാറിന്റെ പ്രഥമ മോഡല്‍ ഇന്ത്യന്‍ വിപണിയിലുമെത്തുന്നു. ജഗ്വാര്‍ ഐ-പേസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് എസ്.യു.വി. പരീക്ഷണയോട്ടത്തിനും മറ്റുമായി ഇന്ത്യയില്‍ എത്തി.
അവതരണത്തിന് മുന്നോടിയായുള്ള ട്രയല്‍ റണ്ണിലും റോഡ് ടെസ്റ്റിനും മറ്റുമായാണ് ഐ-പേസ് ഇലക്ട്രിക് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ ജവഹര്‍ലാന്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ് വഴിയാണ് നിര്‍മാതാക്കളായ ജഗ്വാര്‍ ഐ-പേസ് ഇലക്ട്രിക് എസ്.യു.വി ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.
'ഇന്ത്യയിലെത്തിയ ആദ്യ ഐ-പേസ് ഇലക്ട്രിക്കിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ അഭിമാനമുണ്ട്. ജഗ്വാര്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായി മാറാന്‍ പോകുന്ന മോഡലും ഇലക്ട്രിക് വാഹനങ്ങളിലെ ജഗ്വാറിന്റെ അടിത്തറ ഉറപ്പിക്കുന്ന വാഹനവുമായിരിക്കും ഐ-പേസ്.' ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ മേധാവി രോഹിത് സൂരി അഭിപ്രായപ്പെട്ടു.
ഐ-പേസിന്റെ ഫിറന്‍സെ റെഡ് നിറത്തിലുള്ള എച്ച്.എസ്.ഇ. വേരിയന്റിലുള്ള പതിപ്പാണ് പരീക്ഷണയോട്ടത്തിനായി ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യക്കായി ഒരുങ്ങുന്ന ഐ-പേസില്‍ 90 കിലോ വാട്ട് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. ഇത് 294 Kw പവറും 696 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 4.8 സെക്കന്റില്‍ ഈ വാഹനം പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും.
ജഗ്വാറിന്റെ ഏറ്റവുമധികം അംഗീകാരം നേടിയിട്ടുള്ള വാഹനമാണ് ഐ-പേസ്. നിരത്തിലെത്തിയതിന് ശേഷം 80 ഗ്ലോബല്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഈ വാഹനത്തെ തേടിയെത്തിയിട്ടുണ്ട്. വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ എന്നിവയാണ് അവാര്‍ഡുകളില്‍ ശ്രദ്ധേയം.
Content Highlights: Jaguar First Electric SUv I-Pace Reached In India