ഇന്ത്യയിലെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് ടാറ്റയുടെ ആഡംബര വാഹന കമ്പനിയായ ജഗ്വാര്‍ ലാന്‍ഡ് റോവറും ചുവടുവയ്ക്കുകയാണ്. കരുത്തരില്‍ കരുത്തനായ ഐ-പേസ് ഇലക്ട്രിക്കിലൂടെയാണ് ജഗ്വാര്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക്ക് മോഡലുകളുമായി മുട്ടി നില്‍ക്കാന്‍ കഴിയുന്ന റേഞ്ചാണ് ഐ-പേസിന് ജഗ്വാര്‍ വാഗ്ദാനം ചെയ്യുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 470 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ജഗ്വാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. 294 കിലോ വാട്ട് പവറും 696 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന 90 കിലോ വാട്ട് ബാറ്ററിയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. കേവലം 4.8 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് മറ്റൊരു പ്രത്യേകത.
ജഗ്വാറിന്റെ മറ്റ് മോഡലുകളുമായി കിടപിടിക്കുന്ന സൗന്ദര്യമാണ് ഐ-പേസിലുമുള്ളത്. ജഗ്വാര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ഡ്യുവല്‍ പോഡ് എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ഷാര്‍പ്പ് എഡ്ജുകളുള്ള ബമ്പര്‍, നീളത്തിലുള്ള ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബോഡി, സ്‌റ്റൈലിഷായി ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ള അലോയി വീല്‍ എന്നിവയാണ് ഐ-പേസ് ഇലക്ട്രിക്കിന് അഴകേകുന്നത്.
പരീക്ഷണയോട്ടത്തിനും മറ്റുമായി ഐ-പേസിന്റെ ആദ്യ യൂണിറ്റ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയിരുന്നു. വിദേശത്ത് നിര്‍മിച്ച ഐ-പേസ് മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രറ്റ് വഴിയാണ് ഇന്ത്യയില്‍ എത്തിച്ചത്. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ പങ്കുവെച്ചിരുന്നു.
ആഗോളതലത്തില്‍ ജഗ്വാറിന് ഏറ്റവുമധികം അംഗീകാരം നല്‍കിയ വാഹനമാണ് ഐ-പേസ് ഇലക്ട്രിക്ക്. വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ തുടങ്ങി 80 അവര്‍ഡുകളാണ് ഈ വാഹനത്തിന് പേരിലുള്ളത്. ജഗ്വാറിന്റെ ആദ്യ ഇലക്ട്രിക്ക് മോഡലാണ് ഐ-പേസ് എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്.
Content Highlights: Jaguar First Electric SUV I-Pace, 470 KM Range, 0 to 100 Speed In 4.8 Seconds