ഗ്വാറിന്റെ സ്‌പോര്‍ട്സ് കാര്‍ വിഭാഗത്തില്‍ പെടുന്ന 'എഫ് ടൈപ്പി'ന്റെ കറുമ്പന്‍ വരുന്നു... 'എഫ്-ടൈപ്പ് ആര്‍-ഡൈനാമിക് ബ്ലാക്ക്' എന്ന് പേരിട്ടിട്ടുള്ള ഇതിന് ചെറിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ആദ്യം എഫ്-ടൈപ്പിനെക്കുറിച്ച് പറയാം. രണ്ടു വാതിലുള്ള, രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സ്‌പോര്‍ട്സ് കാറിന്റെ ഗണത്തിലാണ് ജഗ്വാര്‍ എഫ്-ടൈപ്പ് വരുന്നത്. 

കൂപ്പെയും കണ്‍വെര്‍ട്ടബിള്‍ മോഡലും ഇതിലുണ്ട്. സ്‌പോര്‍ട്സ് കാറുകളുടെ കൂട്ടത്തില്‍ വരുന്നതുകൊണ്ട് കരുത്തു തന്നെയാണ് കാര്യം. രണ്ട് ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നത് 300 എച്ച്.പി. കരുത്താണ്. അഞ്ചു ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ വി. എട്ട് എന്‍ജിനാകട്ടെ 450 കുതിരശക്തിയും നല്‍കും. ഇത് രണ്ടും റിയല്‍വീല്‍ ഡ്രൈവുകളാണ്. അതുക്കും മുകളിലാണ് ഓള്‍ വീല്‍ ഡ്രൈവില്‍ വരുന്ന അഞ്ചു ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ വി. എട്ട് എന്‍ജിന്‍. ഇത് 575 എച്ച്.പി. കരുത്താണ് നല്‍കുന്നത്.

എഫ്-ടൈപ്പ് ആര്‍-ഡൈനാമിക് ബ്ലാക്കിന്റെ സവിശേഷതകള്‍

ഇനി എഫ്-ടൈപ്പിന്റെ ആര്‍-ഡൈനാമിക്കിലേക്ക് വരാം. കറുപ്പിന്റെ അംശങ്ങളാണ് ഇതില്‍ കൂടുതല്‍. ഇരുപത് ഇഞ്ച് ട്വിന്‍ ഫൈവ് സ്പോക് അലോയ് വീലുകള്‍, ഗ്രില്ല്, ജനലുകള്‍, മുന്നിലെ സ്‌പോയ്ലര്‍, മുന്നിലെ സ്പ്ലിറ്റര്‍ എന്നിങ്ങനെയുള്ളയിടത്തെല്ലാം കറുപ്പ് പൂശിയിട്ടുണ്ട്. എങ്കിലും മൂന്ന് നിറങ്ങളിലാണ് ഈ വിഭാഗം വരുന്നത്. സന്റോറിനി ബ്ലാക്ക്, ഈഗര്‍ ഗ്രേ, ഫ്രിന്‍സെ റെഡ് എന്നിങ്ങനെയാണ് ജാഗ്വര്‍ നിറങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.

ഉള്ളില്‍ പന്ത്രണ്ട് രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകള്‍. ഇവയുടെ നിറത്തിലും പ്രത്യേകതയുണ്ട്. കടുംചുവപ്പു നിറമുള്ള തുന്നലുകളാണ് സീറ്റുകളില്‍. ഇതേ നിറംതന്നെ ഡോര്‍ ട്രിമ്മുകളിലും നല്‍കിയിരിക്കുന്നു.

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പത്തിഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്റ്മെന്റ് സിസ്റ്റവുമുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിന് കൂട്ടാവുന്നത്. ഓള്‍ വീല്‍ ഡ്രൈവ് തന്നെയാണ് ഇതില്‍ വരുന്നത്. ഇന്ത്യയില്‍ 1.36 കോടി രൂപയാണ് എഫ്-ടൈപ്പ് ആര്‍. ഡൈനാമിക് ബ്ലാക്കിന് വില.

Content Highlights: Jaguar F-Type R-Dynamic Black To Be Launch In India