ന്ത്യയിലെ രാഷ്ട്രീയകാരില്‍ എണ്ണം പറഞ്ഞ വാഹനപ്രേമികളില്‍ ഒരാളാണ് ജമ്മു-കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. എസ്.യു.വി. വാഹനങ്ങളുടെ കടുത്ത ആരാധാകനുമായ അദ്ദേഹത്തിന് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ ഏറ്റവും മികച്ച എസ്.യു.വികളുടെ കളക്ഷനും സ്വന്തമായുണ്ട്. അദ്ദേഹത്തിന്റെ വാഹനനിരയിലെ ഇളമുറക്കാരനായ മഹീന്ദ്ര ഥാറിനെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റാണ് വാര്‍ത്തയായിരിക്കുന്നത്. 

മഞ്ഞ് പുതച്ചിരിക്കുന്ന മലനിരകളില്‍ തന്റെ ഥാറിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം ഈ ലൈഫ്‌സ്റ്റൈല്‍ എസ്.യു.വിയെ പ്രശംസിച്ചിരിക്കുന്നത്. മഞ്ഞ് മൂടിയ ഗുല്‍മാര്‍ഗിലെ മലനിരകളെ കീഴടക്കാന്‍ മഹീന്ദ്രയുടെ ഥാറിന് പകരമായി മറ്റൊരു വാഹനമില്ലെന്ന തലക്കെട്ടോടെയാണ് അദ്ദേഹം വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞില്‍ മൂടിയിരിക്കുന്ന മല നിരകളെയും അദ്ദേഹത്തിന്റെ ഫോട്ടോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജമ്മു കാശ്മീരില്‍ ശൈത്യകാലം ഏറ്റവും ശക്തമായിരിക്കുന്ന സമയമാണിത്. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് റോഡുകളും മറ്റ് പ്രദേശങ്ങളും പൂര്‍ണമായും മഞ്ഞ് മൂടിയ നിലയിലാണ് ഇപ്പോള്‍. ഈ കാലാവസ്ഥയിലാണ് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്റെ ഥാറുമായി ഈ മേഖലയിലേക്ക് യാത്രയ്ക്ക് ഇറങ്ങിയത്. ഗുല്‍മാര്‍ഗിലെ കനത്ത മഞ്ഞുമൂടിയ സ്ഥലങ്ങള്‍ പോലും അനായാസമായി ഥാര്‍ കീഴടക്കിയെന്ന് അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ തെളിയിക്കുന്നുണ്ട്. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ഥാറിനെ പുകഴ്ത്തിയുള്ള ട്വീറ്റ്. അദ്ദേഹത്തിന്റെ ചിത്രങ്ങളോട് ആനന്ദ് മഹീന്ദ്ര പ്രതികരിക്കുകയും പോസ്റ്റ് റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ഇരുവരുടെയും ട്വിറ്റുകള്‍ റീ ട്വീറ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്. 

മഹീന്ദ്ര ഥാറിന്റെ ഉയര്‍ന്ന വകഭേദമാണ് ഒമര്‍ അബ്ദുള്ളയുടെ വാഹനമെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. കറുപ്പ് നിറത്തിനൊപ്പം ഹാര്‍ഡ് ടോപ്പും നല്‍കിയിട്ടുള്ള ഈ വാഹനം ഏത് എന്‍ജിനിലുള്ളതാണെന്ന് വ്യക്തമല്ല. ഓഫ് റോഡ് യാത്രകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നല്‍കുന്ന ബമ്പറാണ് ഒമര്‍ അബ്ദുള്ളയുടെ ഥാറില്‍ വരുത്തിയിട്ടുള്ള മോഡിഫിക്കേഷേന്‍. മഹീന്ദ്രയുടെ ഥാറിലെ സ്റ്റോക്ക് ടയറായ 18 ഇഞ്ച് അലോയി തന്നെയാണ് ഇതിലുള്ളത്. 

എ.എക്‌സ്. എല്‍.എക്‌സ്. എന്നീ രണ്ട് വേരിയന്റുകളില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമാണ് ഥാര്‍ എത്തുന്നത്. 150 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 130 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറിന് കരുത്തേകുന്നത്. മാനുവലിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Content Highlights: J&K Former Chief Minister Omar Abdullah Appreciate Mahindra Thar, Anand Mahindra