ജസ്റ്റിൻ ബീബർ | Photo: Reuters/Instagram
പോപ്പ് ഗായകനായ ജസ്റ്റിന്‍ ബീബറിന് വിലക്ക് ഏര്‍പ്പെടുത്തി ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ഫെരാരി. ഫെരാരിയുടെ കാറുകള്‍ സ്വന്തമാക്കുന്നവര്‍ പാലിക്കേണ്ട മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ജസ്റ്റിന്‍ ബീബര്‍ പാലിക്കുന്നില്ലെന്ന് കാണിച്ചാണ് വാഹന നിര്‍മാതാക്കള്‍ അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ പത്രമായ ദ ന്യൂസ്‌പേപ്പറാണ് ജസ്റ്റിന്‍ ബീബറും ഫെരാരിയും തമ്മിലുള്ള തര്‍ക്കത്തിന്റെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
കമ്പനി വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇനി ഫെരാരിയില്‍ നിന്ന് ജസ്റ്റിന്‍ ബീബറിന് വാഹനം സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ നിറം മാറ്റി, ഫെരാരി കാര്‍ ലേലത്തില്‍ വെച്ചു, അലക്ഷ്യമായി ഉപേക്ഷിച്ച് പോയി തുടങ്ങിയ കാരണങ്ങളാണ് കമ്പനി ആരോപിച്ചിരിക്കുന്നത്. ഇവയെല്ലാം ഫെരാരിയുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും കമ്പനി അറിയിച്ചു.
ഫെരാരിയുടെ എഫ് 458 സൂപ്പര്‍ കാറാണ് ജസ്റ്റിന്‍ ബീബര്‍ സ്വന്തമാക്കിയിരുന്നത്. എന്നാല്‍, വാഹനം എടുത്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം കമ്പനിയെ പ്രകോപിപ്പിക്കാന്‍ തുടങ്ങിയതായാണ് വിവരം. വെള്ള നിറത്തിലുള്ള അദ്ദേഹത്തിന്റെ കാറിന്റെ നിറം ഇലക്ട്രിക് ബ്ലൂ ആക്കി മാറ്റിയതാണ് ആദ്യ വിവാദം. പിന്നാലെ സ്റ്റിയറിങ്ങ് വീലിലെ ചിഹ്നത്തിന്റെ നിറം മാറ്റുകയും അലോയി വീലിലും റിമ്മിലും രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇത് കമ്പനിയെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയായിരുന്നു.
ഒടുവില്‍ ബെവര്‍ലി ഹിന്‍സിലെ നിശാ ക്ലബിലെ പാര്‍ക്കിങ്ങില്‍ ദിവസങ്ങളോളം ഈ കാര്‍ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. രാണ്ടാഴ്ച വാഹനം ഇവിടെ കിടന്നതിന് ശേഷം അദ്ദേഹത്തിന്റെ സംഘത്തിലെ ഒരാള്‍ എത്തിയാണ് ഈ വാഹനം തിരികെ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുണ്ട്. 2017-ലെ ജസ്റ്റിന്‍ ബീബര്‍ തന്നെ ഫെരാരി ലേലത്തില്‍ വെച്ച സംഭവം നടക്കുന്നത്. ഇവയെല്ലാം പരിഗണിച്ചാണ് അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചത്.
ഫെരാരിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേയും പരിപാലനത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേയും മുമ്പും കമ്പനി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ താരവും മോഡലുമായ കിം കര്‍ദാഷിയന്‍, ഹോളിവുഡ് നടന്‍ നിക്കോളസ് കേജ്, റാപ്പര്‍ 50 സെന്റ് തുടങ്ങിയവര്‍ക്കും ഫെരാരി മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിരയില്‍ ഏറ്റവും ഒടുവിലായി സ്ഥാനം പിടിക്കുന്ന സെലിബ്രിറ്റിയാണ് ജസ്റ്റിന്‍ ബീബര്‍ എന്നാണ് വിലയിരുത്തല്‍.
ഫെരാരി എഫ് 458 സൂപ്പര്‍ കാറിന് പുറമെ, നിരവധി ആഡംബര വാഹനങ്ങളാണ് ജസ്റ്റിന്‍ ബീബറിന്റെ ഗ്യാരേജിലുള്ളത്. ഇതില്‍ ഫെരാരിയുടെ തന്നെ എഫ് 430, ബുഗാട്ടി വെയ്‌റോണ്‍ ഗ്രാന്റ് സ്‌പോര്‍ട്ട്, ലംബോര്‍ഗിന് അവന്റഡോര്‍, പോര്‍ഷെ 911 ടര്‍ബോ തുടങ്ങിയ വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. ഇതില്‍ എഫ് 458-ല്‍ വരുത്തിയ മാറ്റങ്ങളും ഈ വാഹനവുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ജസ്റ്റിന്‍ ബീബറുടെ വിലക്കിന് വഴിവെച്ചിട്ടുള്ളത്.
Content Highlights: italian sports car maker ferrari imposed ban on justin bieber, ferrari car, justin bieber
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..