ന്ത്യന്‍ വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് ജാപ്പനീസ് നിര്‍മാതാക്കളായ ഇസൂസു MU-X എസ്.യു.വി ഔദ്യോഗികമായി അവതരിപ്പിച്ചു. രൂപത്തിലും കരുത്തിലും വമ്പനായ MU-X മാര്‍ക്കറ്റ് ലീഡറായ ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയിലാണ് നിരത്തിലെത്തിയത്. 4X2 ഓട്ടോമാറ്റിക്ക്, 4X4 ഓട്ടോമാറ്റിക്ക് എന്നീ രണ്ടു വകഭേദങ്ങളിലാണ് MU-X ലഭ്യമാകുക. ടൂ വീല്‍ ഡ്രൈവ് മോഡലിന് 23.99 ലക്ഷം രൂപയും ഫോര്‍ വീല്‍ ഡ്രൈവിന് 25.99 ലക്ഷവുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

MUX

ടൊയോട്ട ഫോര്‍ച്യൂണറിന് പുറമേ ഫോര്‍ഡ് എന്‍ഡവറിനും മികച്ച എതിരാളിയാകും ഇസൂസു MU-X. CKD (Complete Knock-Down) യൂണിറ്റ് വഴി ഇങ്ങോട്ടെത്തുന്ന MU-X ആന്ധ്രാപ്രദേശിലെ നിര്‍മാണ കേന്ദ്രത്തിലാണ് അസംബ്ലിള്‍ ചെയ്യുന്നത്. 2013 മുതല്‍ ഇവിടെ വില്‍പ്പനയുള്ള ഇസൂസു MU 7- എസ്.യു.വിക്ക് പകരക്കാരനായാണ് പുതിയ MU-X  കമ്പനി അവതരിപ്പിച്ചത്. ഡി-മാക്‌സ്, വി-ക്രോസ്, ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇവന്റെയും നിര്‍മാണം. രൂപത്തില്‍ ട്രെയില്‍ബ്ലേസറുമായി ചെറുതല്ലാത്ത സാമ്യവും MU-X ല്‍ ദൃശ്യമാകും. 

3600 ആര്‍പിഎമ്മില്‍ 174 ബിഎച്ച്പി കരുത്തും 1800-2800 ആര്‍പിഎമ്മില്‍ 380 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്. 13.8 കിലോമീറ്റര്‍ ഇന്ധനക്ഷതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രൊജക്റ്റര്‍ ഹെഡ്‌ലാംമ്പ്, എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഫോഗ് ലാംമ്പ്, ഗ്രില്‍, ബംമ്പര്‍, 18 ഇഞ്ച് അലോയി വീല്‍ എന്നിവ കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. 

Isuzu MUX

അകത്തളത്തും ട്രെയില്‍ബ്ലേസര്‍ മുഖം പ്രകടമാണ്. വുഡണ്‍ ട്രിമ്മില്‍ പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡിനൊപ്പം ബീജ് ഇന്റീരിയര്‍ കളര്‍ പ്രൗഡി കൂട്ടും. നാവിഗേഷന്‍, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള 8.0 ഇഞ്ച് ടച്ച സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡിന് ചേര്‍ന്നതാണ്. 10 ഇഞ്ച് ഡിവിഡി മോണിറ്റര്‍, 6 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് അഡ്ജസ്റ്റബില്‍ ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഹനത്തിലുണ്ടാകും. സ്‌റ്റോറേജ് സ്‌പേസ് വര്‍ധിപ്പിക്കാന്‍ 12 കപ്പ് ഹോണ്‍ഡറും 19 കബ്ബി ഹോള്‍ഡറും ആകത്തളത്തിലുണ്ട്. 

Isuzu MUX