ഡംബര യാത്ര വാഹനങ്ങളെക്കാള്‍ തലയെടുപ്പില്‍ പിക്ക്-അപ്പുകള്‍ ഒരുക്കാമെന്ന് ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് തിരിച്ചറിഞ്ഞത് ജാപ്പനീസ് വാണിജ്യ വാഹന നിര്‍മാതാക്കളായ ഇസുസുവിന്റെ വരവോടെയാണ്. ഇന്ത്യന്‍ നിരത്തുകളിലെ താരങ്ങളായ പല എസ്.യു.വികളെയും കടത്തിവെട്ടുന്ന സൗന്ദര്യവുമായാണ് ഇവരുടെ ഡി-മാക്‌സ് വി-ക്രോസ് റേഞ്ചിലുള്ള പിക്ക്-അപ്പുകള്‍ എത്തിയിരുന്നത്. 

നിരത്തുകളില്‍ വന്‍ സ്വീകാര്യത സ്വന്തമാക്കിയ പിക്ക്-അപ്പുകളുടെ പുതിയ പതിപ്പ് വീണ്ടും എത്തിയിരിക്കുകയാണ്. ഡി-മാക്‌സ് ഹൈ-ലാന്‍ഡര്‍, ഡി-മാക്‌സ് വി-ക്രോസ് Z 2WD AT,  ഡി-മാക്‌സ് വി-ക്രോസ് Z പ്രസ്റ്റീജ് 4WD AT എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 16.98 ലക്ഷം രൂപ മുതല്‍ 24.49 ലക്ഷം രൂപ വരെയാണ് തമിഴ്‌നാട്ടിലെ എക്‌സ്‌ഷോറും വില. 

ഇസുസു ഡി-മാക്‌സ് പിക്ക്-അപ്പ് നിരയിലെ അടിസ്ഥാന വേരിയന്റാണ് ഹൈ-ലാന്‍ഡര്‍. റിയര്‍ വീല്‍ ഡ്രൈവ്, മാനുവല്‍ ട്രാന്‍സ്മിഷന്‍ സംവിധാനത്തിലാണ് ഈ മോഡല്‍ എത്തിയിട്ടുള്ളത്. രാജ്യത്തെ വാഹനങ്ങള്‍ക്ക് ബി.എസ്.6 മാനദണ്ഡം നിര്‍ബന്ധമാക്കിയതോടെ ഇസുസുവിന്റെ പിക്ക-അപ്പുകള്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞിരുന്നു. പിന്നീട് ഇപ്പോഴാണ് ബി.എസ്.6 എന്‍ജിനുമായി ഇവ മടങ്ങിയെത്തുന്നത്. 

ബോണറ്റിനുള്ളിലാണ് ഈ വാഹനത്തിലെ പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്. ബി.എസ്.4 പതിപ്പില്‍ 2.5 ലിറ്റര്‍ എന്‍ജിന്‍ ആയിരുന്നെങ്കില്‍ പുതിയ മോഡലില്‍ ഇത് 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ഇത് 161 ബി.എച്ച്.പി. പവറും 360 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

പുതുതലമുറ എസ്.യു.വികള്‍ക്ക് സമാനമായ ഫീച്ചറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ബൈ-എ്ല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഡി.ആര്‍.എല്‍, ടെയ്ല്‍ലാമ്പ്, 18 ഇഞ്ച് അലോയി വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം നിരവധി സുരക്ഷ സംവിധാനങ്ങളും ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Content Highlights: Isuzu Launch BS6 Engine D-Max Pick Up Range In India