ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവില്‍ നിന്ന് പുറത്തിറങ്ങിയ ലൈഫ്‌സ്റ്റൈല്‍ പിക്ക്-അപ്പ് ട്രക്കാണ് ഡി-മാക്‌സ്. മികച്ച സ്റ്റൈലിനൊപ്പം കരുത്തനുമായി ഈ വാഹനം പൂര്‍ണ സുരക്ഷിതമാണെന്നും തെളിയുന്നു. യൂറോ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ഇസുസു ഡി-മാക്‌സ് സുരക്ഷ ഉറപ്പിച്ചിരിക്കുന്നത്.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 84 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 86 ശതമാനവും കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ 69 ശതമാനവും മാര്‍ക്ക് നേടിയാണ് ഈ വാഹനം സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. വാഹനത്തിന്റെ മുന്നിലുണ്ടാകുന്ന ആഘാതത്തില്‍ യാത്രക്കാരുടെ കംപാര്‍ട്ട്‌മെന്റ് വരെ മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
ഇസുസു യൂറോപ്യന്‍ വിപണിയില്‍ എത്തിച്ചുള്ള ഡി-മാക്‌സിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഡി-മാക്‌സ് വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇതിലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സിസ്റ്റമാണ് കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്.
ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനത്തിന് പുറമെ, ഡ്രൈവര്‍ മോണിറ്ററിങ്ങ് സിസ്റ്റം, ലെയ്ന്‍ സപ്പോര്‍ട്ട് സിസ്റ്റം, ക്യാമറ ബേസ്ഡ് ട്രാഫിക് സൈന്‍ റെക്കഗനീഷന്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പിന്തുണയിലാണ് ക്രാഷ് ടെസ്റ്റില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.
ഇസുസുവിന്റെ 2020 പതിപ്പാണ് ക്രാഷ് ടെസ്റ്റിനെ അതിജീവിച്ചത്. 2019-ല്‍ അവതരിപ്പിച്ച ഈ വാഹനം 2020-ന്റെ തുടക്കത്തിലാണ് ഏതാനും ഏഷ്യന്‍ വിപണികളില്‍ എത്തിയത്. ഇന്ത്യയിലും സാന്നിധ്യമറിയിച്ചിട്ടുള്ള ഈ വാഹനത്തിന്റെ പുതിയ പതിപ്പ് ഏറെ വൈകാതെ നിരത്തുകളില്‍ എത്തും. ഇസുസു ഡി-മാക്‌സ് വി-ക്രോസ് എന്ന പേരിലാണ് പുതിയ മോഡല്‍ എത്തുന്നത്.
Content Highlights: Isuzu D-Max Achieve Five Star Rating In Euro NCAP Crash Test