സ്‌യുവി വാഹനശ്രേണിയിലേക്ക് പുത്തന്‍ മാനങ്ങളുമായെത്തിയ മോഡലുകളാണ് ടൊയോട്ടയുടെ ഇന്നോവയും ഫോര്‍ച്യുണറും. ഇന്നോവയെ സധാരണക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഫോര്‍ച്യൂണറിന്റെ സ്ഥാനം സമ്പന്നര്‍ക്കിടയിലായിരുന്നു. പലപ്പോഴായി മാറ്റത്തിന് വിധേയരായിട്ടുണ്ടെങ്കിലും ഇരുവരുടെയും ജനപ്രീതിയില്‍ നെല്ലിട കുറവുവന്നിട്ടില്ല. 

2005-ല്‍ പുറത്തിറക്കിയ ഇന്നോവ 13 വര്‍ഷം കൊണ്ട് ഇന്നോവ ക്രിസ്റ്റയായി പരിണാമം പ്രാപിക്കുകയും 2009-ല്‍ പുറത്തിറക്കിയ ഫോര്‍ച്യൂണര്‍ പത്താം വയസിലേക്കെത്തുമ്പോള്‍ കൂടുതല്‍ സ്റ്റൈലിഷാകുകയും ചെയ്തിട്ടുണ്ട്. ഈ സഹചര്യത്തില്‍ ഇരു വാഹനങ്ങളിലും ഏതാനും പുതിയ ഫീച്ചറുകള്‍ കൂടി ഒരുക്കി നിരത്തിലെത്തിക്കുകയാണ് ടൊയോട്ട. 

ഗ്ലാസ് ബ്രേക്ക് അള്‍ട്രാ സോണിക് സെന്‍സറോട് കൂടിയ ആന്റി തെഫ്റ്റ് അലാറം, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം പിന്‍ഭാഗത്ത് ഫോഗ് ലാമ്പ് നല്‍കുകയും മുന്നിലെ ഫോഗ് ലാമ്പ് എല്‍ഇഡി ആകുകയും ചെയ്തതാണ് ഇന്നോവ ക്രിസ്റ്റയിലെ പുതുമ. 

Innova Crysta

ഇതിനുപുറമെ,, ഇന്നോവയുടെ ജി.എക്‌സ് വേരിയന്റില്‍ ടച്ച് സ്‌ക്രീന്‍ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ട് സ്വിച്ച്, പവര്‍ ഫോള്‍ഡിങ് മിറര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, തുടങ്ങിയ സംവിധാനങ്ങളും നല്‍കുന്നുണ്ട്.

ഇന്നോവ ക്രിസ്റ്റയില്‍ നല്‍കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്കും പിന്‍വശത്തെ ഫോഗ് ലാമ്പിനുമൊപ്പം പാസഞ്ചര്‍ സൈഡ് പവര്‍ സീറ്റ്, ഇലക്ട്രോ ക്രോമാറ്റിക് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍ എന്നീ ആധുനിക സംവിധാനങ്ങളുമാണ് ഫോര്‍ച്യൂണറില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

Fortuner

പുതിയ സംവിധാനങ്ങളുമായെത്തിയ ഇന്നോവ ക്രിസ്റ്റയ്ക്കും, ടൂറിങ് സ്‌പോര്‍ട്ടിനും വിലയും അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. ക്രിസ്റ്റയ്ക്ക് 14.64 ലക്ഷം മുതല്‍ 22.01 ലക്ഷം രൂപയും ടൂറിങ് സ്‌പോര്‍ട്ടിന് 18.59 ലക്ഷം മുതല്‍ 23.06 ലക്ഷം വരെയുമാണ് എക്‌സ്‌ഷോറൂം വില. 

27.27 ലക്ഷം മുതല്‍  32.97 രൂപ വരെയാണ് ഫോര്‍ച്യൂണറിന്റെ എക്സ്‌ഷോറൂം വില.