
ലംബോർഗിനി ഉറുസ്, രോഹിത് ശർമ | Photo: Social Media, PTI
ഇറ്റാലിയന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ആഡംബര എസ്.യു.വി. ഉറുസ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ക്യാപ്റ്റനായ താരം ഈ ടീമുകളുടെ ജേഴ്‌സിയുടെ നിറമായ നീല നിറത്തിലുള്ള വാഹനമാണ് സ്വന്തം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. 3.15 കോടി രൂപയാണ് ഈ ആഡംബര എസ്.യു.വിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
രോഹിത് ശര്‍മയുടെ താത്പര്യം അനുസരിച്ചുള്ള കസ്റ്റമൈസേഷന്‍ വരുത്തിയാണ് ഈ എസ്.യു.വി. അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ഇന്റീരിയറിന് കൂടുതല്‍ ആകര്‍ഷകമാക്കുന്നത് ചെറി റെഡ്, ബ്ലാക്ക് ഫിനീഷിങ്ങാണ്. സില്‍വര്‍ ഇന്‍സേര്‍ട്ടുകളും വാഹനത്തിന് അഴകേകുന്ന ഘടമാണ്. പുതുതായി എത്തിയ ലംബോര്‍ഗിനി ഉറുസിന് പുറമെ, നീല നിറത്തില്‍ തന്നെ ഒരുങ്ങിയിട്ടുള്ള ബി.എം.ഡബ്ല്യു. എം5-ഉം അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ടെന്നാണ് സൂചന.
ഫോക്‌സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്.യു.വിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് ഉറുസിന് ഈ സൂപ്പര്‍ ഹീറോ പരിവേഷം നേടി നല്‍കിയത്.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉറുസിലുള്ളത്. ഇത് 650 ബി.എച്ച്.പി പവറും 850 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. 305 കിലോമീറ്ററാണ് പരമാവധി വേഗം. സുരക്ഷയിലും ഏറെ മുന്നിലാണ് ഈ വേഗരാജന്‍.
ഇറ്റാലിയന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങുന്ന എസ്.യു.വിയാണ് ഉറുസ്. 2017-ല്‍ ആഗോള നിരത്തുകളില്‍ ഈ വാഹനം അവതരിപ്പിച്ചെങ്കിലും ഒരു വര്‍ഷത്തിനിപ്പുറം 2018-ലാണ് ഉറുസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ഒരു വര്‍ഷത്തില്‍ തന്നെ ഉറുസിന്റെ 50 യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. വിപണിയില്‍ എത്തി 18 മാസത്തിനുള്ളില്‍ 100 യൂണിറ്റ് നിരത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞെന്ന് ലംബോര്‍ഗിനി മുമ്പ് അറിയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..