മാരുതി സുസുക്കി ജിമ്‌നിയും ജിപ്‌സിയും | Photo: Maruti, Ex Army JEEP GYPSY
ഇന്ത്യയിലെ സൈനിക വാഹനങ്ങളില്‍ സുപ്രധാന മോഡലായിരുന്നു മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിരുന്ന ജിപ്‌സി. ഓഫ് റോഡ് കരുത്ത്, ചെറിയ വഴികളിലൂടെയും യാത്ര ചെയ്യാനുള്ള കാര്യക്ഷമത എന്നിവയാണ് ഈ വാഹനത്തെ സൈന്യത്തിന്റെ ഭാഗമായി നിലനിര്‍ത്തിയതിന്റെ കാരണങ്ങള്‍. മാരുതി സുസുക്കി ഈ വാഹനത്തിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷവും സൈന്യത്തിനായി വീണ്ടും ജിപ്‌സി നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. പിന്നീട് മറ്റ് പല വാഹനങ്ങളും സൈന്യത്തിന്റെ വാഹന വ്യൂഹത്തിന്റെ ഭാഗമാകുകയായിരുന്നു.
എന്നാല്‍, ജിപ്‌സിയുടെ പകരക്കാരനായി എത്തുന്ന ജിമ്‌നി സൈന്യത്തിന്റെ ഭാഗമായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം ഈ വാഹനം വാങ്ങാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എച്ച്.ടി. ഓട്ടോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിപണിയില്‍ എത്തുന്ന ജിമ്‌നിയില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയായിരിക്കും സൈന്യത്തിന്റെ ഉപയോഗത്തിനായി നല്‍കേണ്ടി വരികയെന്നാണ് വിവരം. ജൂണ്‍ ഏഴാം തിയതിയാണ് ജിമ്‌നി വിപണിയില്‍ എത്തുന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തില്‍ ജിമ്‌നിയേയും ഉള്‍പ്പെടുത്താന്‍ സൈന്യം സന്നദ്ധത അറിയിച്ചിട്ടുണ്ട്. വാഹനം വിപണിയില്‍ ഇറങ്ങിയതിന് ശേഷം ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് മാരുതി സുസുക്കി മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവി അറിയിച്ചു. മുമ്പ് സൈന്യവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യം മാരുതിക്കുണ്ട്. പതിറ്റാണ്ടുകളോളം സൈന്യത്തിന് യാത്രയൊരുക്കിയ വാഹനമാണ് ജിപ്‌സിയെന്നും മാരുതി സുസുക്കി അറിയിച്ചു.
ലോകത്തില്‍ തന്നെ ആദ്യമായി അഞ്ച് ഡോര്‍ ജിമ്‌നി എത്തുന്നത് ഇന്ത്യന്‍ വിപണിയിലാണ്. എല്ലാ വാഹന വിപണികളും ഈ വാഹനത്തെ ഉറ്റുനോക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സൈന്യവും ജിമ്‌നിയെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യം അറിയിച്ചിരിക്കുന്നത്. സൈന്യത്തിന്റെ ഉപയോഗവും ആവശ്യമായ ഫീച്ചറുകളും സംബന്ധിച്ച് ഇനി വിലയിരുത്തേണ്ടതുണ്ട്. ഈ വാഹനം വിപണിയില്‍ എത്തിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ വിലയിരുത്തുമെന്നും ശശാങ്ക് ശ്രീവാസ്തവ എച്ച്.ടി. ഓട്ടോയോട് പറഞ്ഞു.
മാരുതി സുസുക്കിയുടെ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ഗ്രിപ്പ് പ്രോ സംവിധാനവും ജിമ്നിയില്‍ നല്‍കിയിട്ടുണ്ട്.
ബിഎസ്-4 നിലവാരത്തിലുള്ള 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലായിരുന്നു മാരുതി സുസുക്കി ജിപ്‌സി ഏറ്റവുമൊടുവില്‍ സൈന്യത്തിനായി നിര്‍മിച്ച് നല്‍കിയിരുന്നത്. ഇത് 80 ബിഎച്ച്പി പവറും 103 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഏത് പ്രതലത്തെയും കീഴടക്കാനുള്ള 4X4 സംവിധാനവും ജിപ്‌സിയില്‍ നല്‍കിയിരുന്നു. എന്നാല്‍, പുതിയ മോഡലില്‍ നല്‍കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങളുടെ അഭാവം ഇതിലെ പോരായ്മയായിരുന്നു.
Source: HT Auto
Content Highlights: Indian Armed Force planning to add maruti Suzuki Jimny to its vehicle fleet, Maruti Gypsy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..