കിയയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ കുതിപ്പ് തുടങ്ങാന്‍ മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കിയയുടെ മേല്‍വിലാസം ഇന്ത്യയിലുറപ്പിക്കാന്‍ ആദ്യം കോംപാക്ട് എസ്‌യുവിയും പിന്നാലെ എംപിവി മോഡലായ കാര്‍ണിവലും എത്തിക്കുമെന്നാണ് വിവരം. 

ആദ്യ വാഹനം പുറത്തിറക്കി ആറ് മാസത്തിനുള്ളില്‍ കാര്‍ണിവല്‍ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, 2020-ന്റെ ആദ്യ പാദത്തില്‍ മാത്രമേ ഈ എംപിവിയെ നിരത്തിലെത്തിക്കൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

അതേസമയം, ഇന്ത്യയിലെത്തുന്ന കിയയുടെ രണ്ടാമത്തെ വാഹനം കാര്‍ണിവല്‍ ആയിരിക്കുമെന്ന് അടിവരയിടുന്ന സൂചനകളാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്. ഇന്ത്യന്‍ നിരത്തില്‍ എംപിവി മോഡലുകളുടെ സ്വാധീനം കണത്തിലെടുത്താണ് ഈ നീക്കം.

പ്രതിമാസം ഇന്ത്യന്‍ നിരത്തില്‍ ആയിരത്തിലധികം എംപിവികള്‍ എത്തുന്നുണ്ടെന്നാണ് നിരീക്ഷണം. അതുകൊണ്ട് തന്നെയാണ് പ്രാഥമിക ഘട്ടത്തില്‍ തന്നെ കിയ കാര്‍ണിവല്‍ എത്തിക്കുന്നത്. കാര്‍ണിവലിന്റെ ഏഴ് സീറ്റ് വേരിയന്റാണ് ഇന്ത്യയിലെത്തുന്നത്. 

ക്രോം ആവരണം നല്‍കിയിരിക്കുന്ന ഗ്രില്ലും അതിനോട് ചേര്‍ന്നിരിക്കുന്ന പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഡേ ടൈം റണ്ണിങ് ലൈറ്റും ക്രോം റിങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും താരതമ്യന ചെറിയ എയര്‍ഡാമും ഉള്‍പ്പെടുന്നതാണ് കാര്‍ണിവലിന്റെ മുഖം. 

17 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ടെയില്‍ ലാമ്പ്, ബമ്പറിന്റെ താഴെ ഭാഗത്തായി നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങള്‍. രണ്ടാം നിരയിലെ ഡോര്‍ ഓംനിയുടെ ഡോര്‍ പോലെ വശങ്ങളിലേക്ക് തുറക്കുന്നതാണ്.

ഫീച്ചറുകളാല്‍ സമ്പന്നമാണ് കാര്‍ണിവലിന്റെ ഇന്റീരിയര്‍. ചിട്ടയായി നല്‍കിയിരിക്കുന്ന നിരവധി സ്വിച്ചുകളാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്.

സുരക്ഷയിലും കാര്‍ണിവല്‍ ഒട്ടും പിന്നിലല്ല. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ഒരുക്കുന്നത്.

Content Highlights: India-Spec Kia Carnival 7-Seater MPV Launch