ദീപാവലി ഉത്സവസീസണായ നവംബറില്‍ 11 ശതമാനത്തോളം ഇടിവ് നേരിട്ട് ഇന്ത്യന്‍ വാഹന വിപണി. ഇരുചക്ര വാഹന വില്‍പനയില്‍ 13 ശതമാനവും നാലുചക്ര വാഹനങ്ങളില്‍ 14 ശതമാനത്തിന്റെയും ഇടിവാണുണ്ടായത്. കാര്‍ വില്‍പന അല്‍പം താഴെക്കാണെങ്കിലും പതിവുതെറ്റിക്കാതെ മാരുതിക്ക് തന്നെയാണ് ആധിപത്യം. മികച്ച വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ മാരുതിക്കും ഹ്യുണ്ടായ്ക്കും മാത്രമാണ് ഇടമുള്ളത്‌. ലിസ്റ്റില്‍ ഉള്‍പ്പെട്ട പത്തു കാറുകളില്‍ ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതിയുടെ കാറുകളാണ്. 

നവംബറില്‍ 22,191 യൂണിറ്റ് വിറ്റഴിച്ച മാരുതിയുടെ സ്വിഫ്റ്റാണ് ലിസ്റ്റില്‍ ഒന്നാമത്. 2018 ഒക്ടോബറില്‍ സ്വിഫ്റ്റിന്റെ വില്‍പന 17,215 യൂണിറ്റായിരുന്നു. 21,037 യൂണിറ്റ് വില്‍പനയോടെ ഡിസയറാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബലേനോയും (18,649 യൂണിറ്റ്) ആള്‍ട്ടോയുമാണ് (18,643 യൂണിറ്റ്) മൂന്നും നാലു സ്ഥാനങ്ങളില്‍. ആള്‍ട്ടോയുടെ വില്‍പന 3,537 യൂണിറ്റോളം കുറവാണിത്. വിറ്റാര ബ്രെസ (14,378 യൂണിറ്റ്), വാഗണ്‍ ആര്‍ (11,311 യൂണിറ്റ്) എന്നിവ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍ കൈകലാക്കി. 

മാരുതിക്ക് ശക്തനായ എതിരാളിയായി ഏഴ് മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ ഹ്യുണ്ടായ് വമ്പുകാട്ടി. 10,555 യൂണിറ്റ് വില്‍പനയോടെ ഐ20 മോഡലാണ് ഏഴാമത്. ക്രെറ്റയുടെ 9677 യൂണിറ്റും ഗ്രാന്‍ഡ് ഐ10-ന്റെ 9252 യൂണിറ്റും വിറ്റഴിക്കാന്‍ ഹ്യുണ്ടായ്ക്ക് സാധിച്ചു. അടുത്തിടെ വിപണിയിലെത്തിയ ചെറുഹാച്ച് ബാക്ക് സാന്‍ട്രോയാണ്  പത്താം സ്ഥാനത്ത്. 9009 യൂണിറ്റ് സാന്‍ട്രോ നവംബറില്‍ മാത്രം ഹ്യുണ്ടായ് നിരത്തിലെത്തിച്ചു. 

  1. മാരുതി സുസുക്കി സ്വിഫ്റ്റ് - 22191 യൂണിറ്റ് 
  2. മാരുതി സുസുക്കി ഡിസയര്‍ - 21037 യൂണിറ്റ് 
  3. മാരുതി സുസുക്കി ബലേനോ - 18649 യൂണിറ്റ് 
  4. മാരുതി സുസുക്കി ആള്‍ട്ടോ - 18643 യൂണിറ്റ് 
  5. മാരുതി സുസുക്കി വിറ്റാര ബ്രെസ - 14378 യൂണിറ്റ് 
  6. മാരുതി സുസുക്കി വാഗണ്‍ആര്‍ - 11311 യൂണിറ്റ് 
  7. ഹ്യുണ്ടായ് ഐ 20 - 10555 യൂണിറ്റ്
  8. ഹ്യുണ്ടായ് ക്രെറ്റ - 9677 യൂണിറ്റ് 
  9. ഹ്യുണ്ടായ് ഐ10 - 9252 യൂണിറ്റ് 
  10. ഹ്യുണ്ടായ് സാന്‍ട്രോ - 9009 യൂണിറ്റ്

Content Highlights; India's Top 10 Selling Cars In November, 2018