സോളാർ കാർ | Photo: Vayve mobility
പ്രകൃതി സൗഹാര്‍ദ വാഹനങ്ങളുടെതായിരുന്നു ഇത്തവണത്തെ ഡല്‍ഹി ഓട്ടോ എക്സ്പോ. പ്രദര്‍ശനത്തിനെത്തിയ കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ഭൂരിഭാഗവും ഇലക്ട്രിക് കരുത്തില്‍ ഉള്ളവയായിരുന്നു എങ്കില്‍ വലിയ വാഹനങ്ങളില്‍ സിംഹഭാഗവും സി.എന്‍.ജി, എല്‍.എന്‍.ജി, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കരുത്തില്‍ ഉള്ളവയായിരുന്നു. എന്നാല്‍, ഈ വാഹനങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടിയ ഒരു കുഞ്ഞന്‍ വാഹനവും ഇവിടെ ഉണ്ടായിരുന്നു. ഇവ എന്നായിരുന്നു ഇതിന്റെ പേര്.
രാജ്യത്തെ ആദ്യ സോളാര്‍ കാര്‍ എന്ന പ്രത്യേകതയിലൂടെയാണ് 'ഇവ' എന്ന ഈ കുഞ്ഞന്‍ കാര്‍ ഓട്ടോ എക്സ്പോയില്‍ ശ്രദ്ധനേടിയത്. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ട്അപ്പ് ആയ വേയ്വേ മൊബിലിറ്റിയാണ് ഇന്ത്യയിലെ ആദ്യ സോളാര്‍ കാറിനെ വികസിപ്പിച്ചിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കരുത്താര്‍ജിക്കുന്ന കാലത്ത് വലിയ വിപ്ലവമായാണ് സോളാര്‍ കാറിന്റെ നിര്‍മാണത്തെ വിലയിരുത്തിയിരിക്കുന്നത്.
വാഹനത്തിന്റെ റൂഫായാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം വൈദ്യതിയില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നതിനുള്ള ഇലക്ട്രിക് പ്ലഗും നല്‍കിയിട്ടുള്ള വാഹനമാണ് ഇവ. വെയിലുള്ള സമയങ്ങളില്‍ വാഹനത്തിന്റെ റൂഫായി നല്‍കിയിട്ടുള്ള സോളാര്‍ പാനല്‍ ഉപയോഗിച്ച് ഓടും. അല്ലാത്ത സാഹചര്യങ്ങളില്‍ വൈദ്യതിയില്‍ നിന്ന് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
.jpg?$p=e5c2a14&&q=0.8)
14 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇലക്ട്രിക് ചാര്ജിങ്ങിലൂടെയും സോളാര്‍ പവറിലൂടെയും ചാര്‍ജിങ്ങ് സാധ്യമാകും. ലിക്വിഡ് കൂള്‍ഡ് പി.എം.എസ്.എം. ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുകത്തേകുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 45 മിനിറ്റിനുള്ളില്‍ ഫുള്‍ചാര്‍ജാകും.
നഗരപ്രദേശങ്ങളിലെ യാത്രകള്‍ക്കായി ഡിസൈന്‍ ചെയ്തിട്ടുള്ള കാറാണിത്. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മൂന്ന് പേര്‍ക്ക് സുഖമായി ഇതില്‍ യാത്ര സാധ്യമാകും. ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ശൈലിയിലാണ് ഇവയുടെ അകവും പുറവും ഒരുക്കിയിട്ടുള്ളത്. ചെറിയ ഹെഡ്ലാമ്പും നീളത്തില്‍ നല്‍കിയിട്ടുള്ള എയര്ഡാമുമാണ് മുന്‍വശത്ത് എടുത്തുപറയാവുന്നവ. എന്നാല്‍, ഇന്റീരിയറില്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളുണ്ട്. 2024-ല്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ വിലയും അറിയിച്ചിട്ടില്ല.
Content Highlights: India's first solar power car eva from vayve mobility, Pune based electric mobility company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..