ഹ്യുണ്ടായി വെന്യു | ഫോട്ടോ: മാതൃഭൂമി
ഗിയര്‍ ഒരു കടിഞ്ഞാണാണ്, വാഹനപ്രേമികള്‍ക്ക് പ്രത്യേകിച്ചും. വാഹനത്തിന്റെ നിയന്ത്രണം കൈയിലൊതുക്കുന്നതിന്റെ സുഖമറിഞ്ഞവര്ക്ക് ഇടത്തേ കൈയില്‍ ആ ലിവര്‍ തന്നെ വേണം. അപ്പോള്‍ ഓട്ടോമാറ്റിക്കോ, അത് വണ്ടി അതിന്റെ ഇഷ്ടത്തിനനസരിച്ച് തീരുമാനിച്ചോളും. ആയാസ രഹിതമായ ഡ്രൈവിങ്സുഖം നല്കുന്നു അത്. എന്നാല്‍, ആദ്യം പറഞ്ഞ വിഭാഗത്തിനു വേണ്ടിയാണ് 'ഹ്യുണ്ടായ് വെന്യു' ഇന്റലിജന്റ് മാന്വല്‍ ട്രാന്സ്മിഷന് കൊണ്ടുവന്നിരിക്കുന്നത്. ഗിയറിനു ഗിയര്‍ ഉണ്ട്. എന്നാല്‍, ബാലികേറാമലയായ ക്ലച്ച് ഇല്ലെന്നു മാത്രം.
ടെസ്റ്റ് ഡ്രൈവിന് കിട്ടിയത് ഉന്നത ശ്രേണിയിലുള്ള വണ്ടിയായിരുന്നു. വണ്‍ ലിറ്റര്‍ ടര്‍ബോ എന്‍ജിനോടു കൂടിയ സിക്സ് സ്പീഡ് ട്രാന്സ്മിഷന്. വണ്ടിയെല്ലാം വെന്യു തന്നെ, ഇടതുകാല് ഫ്രീയാണെന്നുമാത്രം. ആദ്യം എടുത്തു നോക്കിയപ്പോള്‍ കുറച്ച് അസ്പൃശ്യതയൊക്കെ തോന്നി. ഇടക്കിടയ്ക്ക് ഇല്ലാത്ത ക്ലച്ച് അമര്‍ത്തി. പിന്നെപ്പിന്നെ ശരിയായി.
ആക്സിലേറ്ററില്‍ നിന്ന് കാലെടുക്കുക, ഗിയര്‍ മാറ്റുക... ഇത്രയേ വേണ്ടൂ. അഥവാ, ഉയര്‍ന്ന ഗിയറില്‍ വണ്ടി വലിക്കില്ലെന്നു തോന്നിയാല്‍ അലാറത്തിലൂടെ മുന്നറിയിപ്പു തരും, മാറ്റാന്‍ സമയമായെന്ന്. എല്ലാം സെന്‍സര്‍ മയമാണ്. നമ്മുടെ ആ എ.എം.ടി.യുടെ അതേ സാങ്കേതികത തന്നെയാണ് ഐ.എം.ടി.യുടെയും അടിസ്ഥാന തത്ത്വം. ഇന്റന്‍ഷന്‍ സെന്‍സറാണ് എല്ലാമറിയുന്നത്.
ഹൈഡ്രോളിക് ആക്ചുവേറ്റര്‍, ട്രാന്സ്മിഷന് കണ്ട്രോള് യൂണിറ്റ് എന്നിവയാണ് ഐ.എം.ടി. കിറ്റിലുള്ളത്. ഡ്രൈവര്‍ ഗിയര്‍ മാറ്റാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഇന്റന്‍ഷന്‍ സെന്‍സര്‍ ക്ലച്ച് പ്രവര്‍ത്തിച്ചുതുടങ്ങും. എല്ലാം വളരെ ഈസിയാണ്. ഡ്രൈവിങ്ങില്‍ ശരിക്കും ഗിയര്ഷിഫ്റ്റിങ്ങിലെ സ്മൂത്ത്നെസ് അറിയാന്‍ കഴിയും.
കരുത്തിന്റെ കാര്യത്തില്‍, സംഭവം ടര്‍ബോ ആയതിനാല്‍ ഒരുതരത്തിലുള്ള ലാഗുമില്ല. ഡ്രൈവിങ്ങിന്റ കാര്യത്തില്‍ വെന്യു മുന്‍പേ തന്നെ കരുത്ത് തെളിയിച്ചിട്ടുണ്ടല്ലോ. ഇക്കൂട്ടത്തില്‍ സഹോദര സ്ഥാപനമായ 'കിയ'യും ഇതേ ട്രാന്‍സ്മിഷനോടെ വന്നിട്ടുണ്ട്. രൂപത്തില്‍ കൊറിയന്‍ കമ്പനിയുടെ ബ്ലോക്ക് ബസ്റ്ററില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല, സ്റ്റിയറിങ് വീല്‍ ഡി-സ്പോക്കായി മാറ്റിയിട്ടുണ്ട് എന്നതൊഴിച്ചാല്‍.
ടര്‍ബോ ജി.ഡി.ഐ. എന്‍ജിനാണ് ഹ്യുണ്ടായുടെ ടോപ്പ് ഹിറ്റ്. പല എന്ജിന് ഓപ്ഷനുകളുണ്ടെങ്കിലും കരുത്തിന്റെ കാര്യത്തില്‍ ഈ എന്‍ജിനാണ് ആള്ക്കാര് തിരഞ്ഞുവരുന്നത്. 171.6 എന്‍.എമ്മില്‍ 1,500 മുതല്‍ 4,000 ആര്.പി. എമ്മാണ് ടോര്‍ക്ക്. വേഗത്തിന്റേയും പിക്കപ്പിന്റേയും കാര്യത്തില്‍, അതിനാല്‍ പിന്നിലല്ല വെന്യുവിന്റെ പുതിയ താരം. 9.99 ലക്ഷം മുതലാണ് വെന്യു ഐ. എം.ടി.യുടെ എക്സ് ഷോറൂം വില തുടങ്ങുന്നത്.
Content Highlights: India's First Intelligent Manual Transmission Vehicle Hyundai Venue Test Drive Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..