2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ നിന്നും തുടച്ചുനീക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടുത്തപടിയായി സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരമായി പതിനായിരം ഇലക്ട്രിക് സെഡാനുകള്‍ ഇന്ത്യയിലെത്തും. പതിനായിരം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ് (EESL). ഒറ്റചാര്‍ജില്‍ 120-150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന ഫോര്‍ ഡോര്‍ ഇലക്ട്രിക് സെഡാനാണ് സര്‍ക്കാര്‍ സര്‍വ്വീസിലേക്കെത്തുക. 

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ നിലവിലുള്ള കാറുകള്‍ക്ക് പകരമായി ആയിരം സെഡാനുകള്‍ സ്ഥാനംപിടിക്കും. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ള സെഡാനുകള്‍ വഴി പദ്ധതി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇലക്ട്രിക് കാറുകള്‍ ഓടണമെങ്കില്‍ പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായി വാഹനം ചാര്‍ജ് ചെയ്യാന്‍ നിശ്ചിതദൂരം ഇടവിട്ട് ഇലക്ട്രിക് സ്‌റ്റേഷന്‍ ആവശ്യമാണ്. ഇതിനായി വിവിധ ഭാഗങ്ങളില്‍ 3000 AC ചാര്‍ജിങ് പോയന്റും 1000 DC ചാര്‍ജിങ് പോയന്റും സ്ഥാപിക്കാനുള്ള ടെന്‍ഡറും ഇ.ഇ.എസ്.എല്‍ ക്ഷണിക്കും. 

ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ ആയിരം കാറുകള്‍ ഓടിതുടങ്ങുമ്പോള്‍ വിവിധ ഇടങ്ങളിലായി നാനൂറ് ചാര്‍ജിങ് സ്‌റ്റേഷന്‍ ലഭ്യമാക്കുമെന്ന് ഇ.ഇ.എസ്.എല്‍ മാനേജിങ് ഡയറക്ടര്‍ സൗരഭ് കുമാര്‍ വ്യക്തമാക്കി. നിലവില്‍ ഇലക്ട്രിക് ഗണത്തില്‍ മഹീന്ദ്രയുടെ E2O പ്ലസ്, E വെരിറ്റോ, ഇ-സുപ്രോ എന്നീ മോഡലുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. അടുത്തിടെ നിലവില്‍വന്ന GST നികുതി ഘടനയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് നികുതി വന്‍തോതില്‍ കുറച്ച് 12 ശതമാനത്തിലെത്തിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ ടെസ്‌ല അടക്കമുള്ള മുന്‍നിര ഇലക്ട്രിക് നിര്‍മാതാക്കള്‍ ഇങ്ങോട്ടെത്തുന്നതോടെ പാസഞ്ചര്‍ ശ്രേണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തും.