ലക്ട്രിക് വാഹന രംഗത്തെ വമ്പന്‍മാരായ ടെസ്‌ല ഇന്ത്യയിലെക്കെത്തുമെന്ന് പറഞ്ഞു തുടങ്ങിയിട്ട് നാളെറെയായി. ഈ പല്ലവിക്ക് പുറമേ സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള ടെസ്‌ല ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മോഡല്‍ 3 സെഡാനുള്ള ബുക്കിങും കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷം അവസാനത്തോടെ ഇവിടെ അരങ്ങേറ്റം കുറിക്കുമെന്ന് ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് കഴിഞ്ഞ മാസം വ്യക്തമാക്കുകയും ചെയ്തു. ഈ വാഗ്ദാനം അടിവരയിട്ട് ഉറപ്പിക്കാന്‍ ടെസ്‌ല മോഡല്‍ 3 ഫസ്റ്റ് ഡ്രൈവ് വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ് എലോണ്‍ മസ്‌ക്. 

'റിലീസ് കാന്‍ഡിഡേറ്റ് വെരിഷന്‍' എന്ന അടിക്കുറിപ്പോടെയാണ് ടെസ്‌ല സി.ഇ.ഒ ഇലക്ട്രിക് കാറിന്റെ വിഡിയോ പങ്കുവെച്ചത്. ഈ വര്‍ഷം സെപ്തംബറില്‍ പൂര്‍ണ തോതില്‍ നിര്‍മാണം ആരംഭിക്കുന്ന 2017 മോഡല്‍ 3 വര്‍ഷാവസാനത്തോടെ ഇവിടെ അരങ്ങേറ്റം കുറിക്കും. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും ഇത്. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചപ്പോള്‍ ആദ്യ അഴ്ചയില്‍ 3 ലക്ഷത്തിലേറെ ബുക്കിങ് മോഡല്‍ 3-ക്ക് ലഭിച്ചിരുന്നു. നിലവില്‍ മഹീന്ദ്ര e20 പ്ലസ്, e-വെരിറ്റോ, വോള്‍വോ XC90, BMW i8 എന്നിവ മാത്രമാണ് ഇലക്ട്രിക് കരുത്തില്‍ ഇന്ത്യന്‍ നിരത്തിലുള്ളത്. 

ഇതില്‍ രണ്ടെണ്ണം ആഡംബര വാഹനങ്ങളായതിനാല്‍ സാധാരണക്കാര്‍ക്ക് കൈപിടിയിലൊതുങ്ങുകയും ഇല്ല. ടെസ്ലയുടെ വരവോടെ ഇലക്ട്രിക് വാഹന രംഗത്ത് വലിയൊരു കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ വമ്പന്‍ വില കൊടുക്കേണ്ടി വന്നാലും തുടര്‍ന്നങ്ങോട്ട് ടെസ്‌ലയുടെ വക ബജറ്റ് ഇ-കാറുകള്‍ വ്യാപകമാകാനാണ് സാധ്യത. ഇക്കഴിഞ്ഞ യൂണിയന്‍ ബജറ്റില്‍ FAME (ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് മാനുഫ്രാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍) പദ്ധതി വഴി ഇലക്ട്രിക് വാഹന നിര്‍മാണത്തിനുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം പദ്ധതി വിഹിതം 42 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി കൂടുതല്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഇങ്ങോട്ടെത്താനാണ് സാധ്യത. 

Tesla Model 3

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മോഡല്‍ 3-ക്ക് സാധിക്കും. 60 kw ഹവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്ക് വാഹനത്തെ മുന്നോട്ട് നയിക്കാനാണ് സാധ്യത. മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെ 2015 സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടെസ്ല ആസ്ഥാനത്തെത്തി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്കും വിപണി ശൃംഖല വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ ഇങ്ങോട്ടെത്തുന്ന മോഡല്‍ 3 ഇലക്ട്രിക് കാറിന് ഏകദേശം 30 ലക്ഷത്തിനുള്ളിലായിരിക്കം വിപണി വില. ഇന്ത്യക്ക് പുറമേ ബ്രസീല്‍, ന്യൂസിലാന്റ്, സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, അയര്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവടങ്ങിലേക്കും മോഡല്‍ 3 അരങ്ങേറ്റം കുറിക്കും.