ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ആദ്യ ഇലക്ട്രിക് കാറായ ക്വിഡ് ഇലക്ട്രിക്‌ ഏപ്രില്‍ 16-ന് അവതരിപ്പിക്കും. ഷാങ്ഹായി മോട്ടോര്‍ ഷോയിലാണ് ഈ വാഹനം പുറത്തിറക്കുന്നത്. ചൈനയിലെ ഡോങ്ഫെങ് മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ഇ-ക്വിഡ് വികസിപ്പിച്ചിരിക്കുന്നത്. 

2018 പാരീസ് ഓട്ടോഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക് K-ZE കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. ക്വിഡിന്റെ പ്ലാറ്റ്ഫോമില്‍ തന്നെ നിര്‍മിച്ചിരിക്കുന്ന ഇലക്രിക് വാഹനം നിരവധി സൗകര്യങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. 

ആദ്യഘട്ടത്തില്‍ ചൈനിയിലായിരിക്കും ഈ വാഹനം വില്‍പ്പനയ്‌ക്കെത്തുന്നത്. ഇതിന് പിന്നാലെ ബ്രസീല്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലേക്കും ക്വിഡ് ഇലക്ട്രിക് എത്തുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. 

Kwid Electric

രൂപത്തില്‍ റെഗുലര്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ പുതുമ. ഗ്രില്ലിലും വി ഷേപ്പഡ് ക്രോമിയം ലൈനുകള്‍ നല്‍കിയിട്ടുണ്ട്.

ഇലക്ട്രിക് ക്വിഡില്‍ അലോയി വീലുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ടെയ്ല്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും പിന്‍ഭാഗത്ത് മാറ്റം ഒരുക്കുന്നുണ്ട്.

ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടാകുമെന്നാണ് വിവരം. ഇതിന് പുറമെ, വീട്ടില്‍നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡുവര്‍ ചാര്‍ജിങ് സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്.

Content Highlights: India-Bound Renault Kwid Electric to debut on April 16