ന്ത്യന്‍ നിരത്തുകള്‍ക്ക് വെന്യു എന്ന പോലെ യൂറോപ്യന്‍ നിരത്തുകള്‍ക്കായി ഹ്യുണ്ടായി ഒരുക്കുന്ന കോംപാക്ട് എസ്.യു.വിയായ ബെയോണ്‍ എന്ന വാഹനം പ്രദര്‍ശിപ്പിച്ചു. ഐ20-യുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം ആഗോള വിപണിയിലെ ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ എസ്.യു.വിയായിരിക്കുമെന്നാണ് സൂചന. ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് എന്നീ വാഹനങ്ങളായിരിക്കും ആഗോള നിരത്തുകളില്‍ ബെയോണിന്റെ എതിരാളികള്‍.

ഈ വര്‍ഷം ആദ്യം ബെയോണിന്റെ ഡിസൈന്‍ സൂചനകള്‍ നല്‍കുന്ന ടീസര്‍ ഹ്യുണ്ടായി പുറത്തുവിട്ടിരുന്നു. ഹ്യുണ്ടായി വെന്യു വില്‍പ്പനയ്ക്ക് എത്താത്ത രാജ്യങ്ങള്‍ക്കായാണ് ഈ വാഹനം ഒരുങ്ങുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ യൂറോപ്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് ബെയോണിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിട്ടുള്ളത്. ഇതിനൊപ്പം, കണക്ടഡ് കാര്‍ ഫീച്ചറുകളും കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും ബെയോണിന്റെ ഹൈലൈറ്റാണ്.

ഹ്യുണ്ടായിയുടെ മുഖമുദ്രയായ കാസ്‌കേഡ് ഗ്രില്ല്, ബോണറ്റിനോട് ചേര്‍ന്നുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബംമ്പറില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിയാണ് മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. പിന്‍ഭാഗം ഇന്ത്യയിലെത്തിയ പുതുതലമുറ ഐ20-യോട് സാമ്യമുള്ളതാണ്. എല്‍.ഇ.ഡി.ടെയ്ല്‍ലൈറ്റ്, ലൈറ്റ് സ്ട്രിപ്പ്, ബമ്പറില്‍ നല്‍കിയിട്ടുള്ള റിവേഴ്‌സ് ലൈറ്റ്, സ്‌കിഡ് പ്ലേറ്റ് എന്നിവ നല്‍കിയാണ് പിന്‍ഭാഗത്തെ ഡിസൈന്‍ ചെയ്തിട്ടുള്ളത്. 

Hyundai Bayon
ഹ്യുണ്ടായി ബെയോണ്‍ | Photo: Hyundai Motor Europe

ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയര്‍ തന്നെയാണ് ബെയോണിലും ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. ഫുള്‍ ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ പ്ലസ് ലൈറ്റ് ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ അകത്തളം ഒരുങ്ങും. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് ഉയര്‍ന്ന വേരിയന്റിലുള്ളത്. താഴ്ന്ന വേരിയന്റില്‍ എട്ട് ഇഞ്ച് ഡിസ്‌പ്ലേ ഓഡിയോ സിസ്റ്റവും നല്‍കുന്നുണ്ട്. ആംബിയന്റ് ലൈറ്റ്, മികച്ച സ്‌റ്റോറേജ് സ്‌പേസ് എന്നിവ ഇതില്‍ ഒരുങ്ങുന്നുണ്ട്.

കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളാണ് ബെയോണിന്റെ മറ്റൊരു പ്രത്യേകത. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഫോളോയിങ്ങ് അസിസ്റ്റ്, ഇന്റലിജെന്റ് സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഹൈ-ബീം അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിങ്ങ്, റിയര്‍ ഒക്കുപെന്റ് അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷന്‍ വാണിങ്ങ്, റിയര്‍ ക്രോസ് ട്രാഫിക് കൊളീഷന്‍ അവോയിഡന്‍സ് വാണിങ്ങ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പം 48 വോര്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമാണ് ബെയോണിന് കരുത്തേകുന്നത്. രണ്ട് ട്യൂണിങ്ങാണ് എന്‍ജിനില്‍ വരുത്തിയിട്ടുള്ളത്. 99 ബി.എച്ച്.പി, 118 ബി.എച്ച്.പി. എന്നിവയാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. 175 എന്‍.എം. ആണ് ഇതിലെ ടോര്‍ക്ക്. ആറ് സ്പീഡ് ഐ.എം.ടി, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ബെയോണില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Content Highlights: Hyundai Unveils Bayon Compact SUV In Europe