വാഹനങ്ങളുടെ സുരക്ഷയ്ക്ക് ഉപയോക്താക്കള്‍ ഏറെ പ്രാധാന്യം നല്‍കി തുടങ്ങിയതോടെ ലോകത്താകമാടയമുള്ള വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി തുടങ്ങിയിട്ടുണ്ട്. അടുത്ത കാലത്ത് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയ വാഹനങ്ങളെല്ലാം കുറഞ്ഞത് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് എങ്കിലും നേടിയിട്ടുണ്ട്. ഇത്തരത്തില്‍ സുരക്ഷ ഉറപ്പിക്കുന്ന വാഹനങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലായി സ്ഥാനം പിടിച്ചിരിക്കുകയാണ് ഹ്യുണ്ടായിയുടെ പ്രീമിയം എസ്,യു.വിയായ ടൂസോണ്‍. 

യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈസ്റ്റ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് 2021 ടൂസോണ്‍ സുരക്ഷ തെളിയിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 86 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 87 ശതമാനവും മാര്‍ക്ക് സ്വന്തമാക്കിയാണ് ടൂസോണും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. വാഹനത്തിന്റെ പാസഞ്ചര്‍ കാബിന്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് യൂറോ എന്‍ക്യാപ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. 

ഡ്രൈവറിന്റെയും യാത്രക്കാരുടെയും കാല്‍മുട്ടിനും മറ്റും ഏറ്റവും മികച്ച സുരക്ഷയാണ് ഈ വാഹനം ഉറപ്പാക്കുന്നത്. അതുപോലെ തന്നെ, ഡ്രൈവറിന്റെ കഴുത്തിനും നെഞ്ചിനും കാര്യക്ഷമമായ പരിരക്ഷയാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിട്ടുള്ളത്. വാഹനത്തിന്റെ വശങ്ങളിലെ ബോഡി വളരെ ദൃഢമാണെന്നും വശങ്ങളില്‍ നിന്നുള്ള ആഘാതത്തില്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുമെന്നുമാണ് ക്രാഷ് ടെസ്റ്റില്‍ ടൂസോണ്‍ തെളിയിച്ചിട്ടുള്ളത്. 

ഈ വാഹനത്തിന് ഉണ്ടാകുന്ന അപകടത്തിലും മറ്റും മുതിര്‍ന്ന ആളുകള്‍ 86 ശതമാനവും സുരക്ഷിതരാണെന്നാണ് ക്രാഷ് ടെസ്റ്റ് തെളിയിച്ചിരിക്കുന്നത്. കുട്ടികള്‍ക്കാണ് ഈ വാഹനം കൂടുതല്‍ സുരക്ഷയൊരുക്കുന്നത്. 87 ശതമാനമാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത്. വാഹനത്തിലെ സേഫ്റ്റി അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ക്ക് 70 ശതമാനം റേറ്റിങ്ങാണ് നല്‍കിയിട്ടുള്ളത്. നിരത്തുകളിലെ കാല്‍നട യാത്രക്കാരുടെ സുരക്ഷ പരിശോധയില്‍ 66 ശതമാനമാണ് റേറ്റിങ്ങ്. 

ഹ്യുണ്ടായി ടൂസോണിന്റെ നാലാം തലമുറ മോഡലാണ് ക്രാഷ് ടെസ്റ്റിനായി ഇറങ്ങിയത്. വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള ഈ വാഹനം വൈകാതെ ഇന്ത്യയിലേക്കും എത്തിയേക്കുമെന്നാണ് വിവരം. വരവിന് മുന്നോടിയായ ഇന്ത്യയിലെ നിരത്തുകളില്‍ ഈ വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരുന്നു. 2020-ലാണ് ടൂസോണിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. 22.3 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില.

Content Highlights: Hyundai Tucson scores 5-star rating in Euro NCAP crash tests, NCAP Crash Test