ഹ്യുണ്ടായി ക്രെറ്റ | Photo: Hyundai India
ഹ്യുണ്ടായി ക്രെറ്റയുടെ പുതുതലമുറ മോഡലിന് ഒരു വയസ് പൂര്‍ത്തിയായിരിക്കുകയാണ്. തലമുറ മാറ്റത്തിന് വിധേയമായി കിടിലന്‍ ലുക്കിലും ന്യൂജനറേഷന്‍ ഫീച്ചറുകളിലുമെത്തിയ ക്രെറ്റയെ ഇരുകൈയും നീട്ടിയാണ് ഇന്ത്യയിലെ വാഹന പ്രേമികള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഒരു വര്‍ഷം പിന്നിട്ടതോടെ 1.21 ലക്ഷം യൂണിറ്റ് ക്രെറ്റ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു.
2015-ലാണ് ഹ്യുണ്ടായി ക്രെറ്റ എന്ന മിഡ്-സൈസ് എസ്.യു.വി. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. അവതരിപ്പിച്ച ആറ് വര്‍ഷത്തോട് അടുക്കുന്ന ഈ വാഹനത്തിന്റെ 5.8 ലക്ഷം യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ മാത്രം വിറ്റഴിച്ചിട്ടുണ്ടെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഇതിന് പുറമെ, 2.16 ലക്ഷം യൂണിറ്റ് ഇന്ത്യയില്‍ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും ഹ്യുണ്ടായി വ്യക്തമാക്കി.
പുതുതലമുറ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് ക്രെറ്റ എന്ന എസ്.യു.വി. ഒരുക്കിയിട്ടുള്ളത്. E,EX,S,SX,SX(O) എന്നീ അഞ്ച് വേരിയന്റുകളില്‍ ഈ വാഹനം വിപണിയില്‍ എത്തുന്നുണ്ടെങ്കിലും വില്‍പ്പനയുടെ 51 ശതമാനവും ഉയര്‍ന്ന പതിപ്പായ SX, SX(O) വേരിയന്റുകള്‍ക്കാണ്. 60 ശതമാനം ഉപയോക്താക്കളും ക്രെറ്റയുടെ ഡീസല്‍ എന്‍ജിന്‍ മോഡലാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 20 ശതമാനം ആളുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഏറെ സ്റ്റൈലിഷാണ് പുതിയ ക്രെറ്റ. വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് സി പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്‌പോയിലര്‍, എന്നിവ ഡിസൈനിലെ പുതുമയാണ്. രണ്ട് ഡ്യുവല്‍ ടോണും എട്ട് മോണോ ടോണുമായി പത്ത് നിറങ്ങളിലും ക്രെറ്റ എത്തുന്നുണ്ട്.
ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാണ്. കോക്പിറ്റ് സെന്റര്‍ കണ്‍സോളില്‍ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിസ്‌പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡി-കട്ട് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തിലെ പുതുമയാണ്. എയര്‍ പ്യൂരിഫയര്‍, ബ്ലൂ ആംബിയന്റ് ലൈറ്റ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയവ ഇതിലെ ഹൈലൈറ്റാണ്.
115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എം.പി.ഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Hyundai Sold 1.21 Lakh Units Of Creta SUV In One Year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..