ഹ്യുണ്ടായിയുടെ വാഹന നിരയിലേക്ക് ഒരു കുഞ്ഞന്‍ എസ്.യു.വി. ഒരുങ്ങുന്ന കാര്യം രഹസ്യമല്ല. എ.എക്‌സ്.1 എന്ന കോഡ് നാമത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ഈ വാഹനത്തിന്റെ പേര് കാസ്പര്‍ എന്നായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ പേരിന് ഹ്യുണ്ടായി ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതോടെയാണ് വരാനിരിക്കുന്ന കുഞ്ഞന്‍ എസ്.യു.വിക്ക് കാസ്പര്‍ എന്ന് പേര് നല്‍കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. 

ഹ്യുണ്ടായിയുടെ സ്വന്തദേശമായ ദക്ഷിണ കൊറിയയിലായിരിക്കും ഈ വാഹനം ആദ്യമെത്തുകയെന്നാണ് സൂചന. ഇതിനുപിന്നാലെ തന്നെ ഇന്ത്യ ഉള്‍പ്പെടെ ഹ്യുണ്ടായിക്ക് ശക്തമായ സ്വാധീനമുള്ള രാജ്യങ്ങളിലേക്കും ഈ വാഹനം വില്‍പ്പനയ്‌ക്കെത്തുമെന്നും സൂചനയുണ്ട്. അഞ്ച് ലക്ഷം രൂപ വിലയിലായിരിക്കും ഈ വാഹനം വിപണികളില്‍ എത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ വെന്യൂവാണ് ഹ്യുണ്ടായി എസ്.യു.വി. നിരയിലെ ഏറ്റവും ചെറിയ മോഡല്‍. ഈ വാഹനത്തിനും താഴെയായിരിക്കും കാസ്പറിന്റെ സ്ഥാനം. ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഹാച്ചാബാക്ക് മോഡലുകളായ സാന്‍ട്രോ, ഐ10 നിയോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന കെ.1 പ്ലാറ്റ്‌ഫോമിലായിരിക്കും കാസ്പറും ഒരുങ്ങുകയെന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുള്ള വിവരം. 

ഈ വാഹനത്തിന്റെ ആദ്യ ടീസര്‍ മുമ്പ് ഹ്യുണ്ടായി തന്നെ പുറത്തുവിട്ടിരുന്നു. ഹെഡ്ലൈറ്റ്, ടെയില്‍ലൈറ്റ് ഡിസൈന്‍ വെളിപ്പെടുത്തിയുള്ള ടീസറാണ് പുറത്ത് വന്നത്. സ്പ്ലിറ്റ് ഹെഡ്ലാമ്പിനൊപ്പം ബമ്പറില്‍ പ്രൊജക്ഷന്‍ ലൈറ്റുകളും നല്‍കിയിട്ടുണ്ടെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.  എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും വാഹനത്തിലുണ്ട്. പുതുമയുള്ള എല്‍.ഇ.ഡി. ടെയില്‍ ലാമ്പും ടീസറില്‍ ഇടം നേടിയിരുന്നു. 

ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 നിയോസിലുള്ള 82 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ എസ്.യു.വിയുടെ റെഗുലര്‍ പതിപ്പില്‍ നല്‍കുക. വിദേശ നിരത്തുകളില്‍ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനില്‍ കാസ്പര്‍ എത്തിയേക്കും. ഭാവിയില്‍ ഈ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പിന്റെ നിര്‍മാണവും ഹ്യുണ്ടായിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Source: Auto News

Content Highlights: Hyundai Small SUV STo Named As Casper