വാഹനങ്ങളില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ് കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി. വാഹനം തുറക്കാന്‍ ഫിംഗര്‍പ്രിന്റ് സംവിധാനം ഒരുക്കിയതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സാങ്കേതികവിദ്യയുമായി ഹ്യുണ്ടായി വീണ്ടും എത്തുകയാണ്.

ഡിജിറ്റല്‍ കീ പുതിയ സംവിധാനത്തിന്റെ പേര്. ഡോര്‍ അണ്‍ലോക്ക് ചെയ്യുന്നതിനും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമായാണ് ഈ സംവിധാനം ഒരുക്കുന്നത്. വൈകാതെ തന്നെ ഹ്യുണ്ടായി, കിയ വാഹനങ്ങളില്‍ നിന്ന് സാധാരണ താക്കോല്‍ സംവിധാനം നീക്കി പുതിയ സംവിധാനം ഒരുക്കുകയും ചെയ്യുമെന്നാണ് സൂചന.

സ്മാര്‍ട്ട് ഫോണിലെ ഡിജിറ്റല്‍ കീ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ ആപ്പ് വാഹനത്തിലെ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്‌സി) ഡിവൈസുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് ഡോര്‍ തുറക്കുന്നത്. ഫോണില്‍ നിന്നുള്ള സിഗ്നല്‍ സ്വീകരിക്കാന്‍ ഡോര്‍ ഹാന്‍ഡിലില്‍ എന്‍എഫ്‌സി ആന്റിന ഒരുക്കും. 

ഡോര്‍ തുറന്നതിന് ശേഷം വാഹനം സ്റ്റാര്‍ട്ട്  ചെയ്യുന്നതിനുള്ള എന്‍എഫ്‌സി വാഹനത്തിലെ വയര്‍ലെസ് ചാര്‍ജിങ് പാഡിന് സമീപമാണ് നല്‍കിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കാര്‍ അണ്‍ലോക്ക് ചെയ്യുന്നതോടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്അപ്പ് ഡിസ്‌പ്ലേ, സ്റ്റിയറിങ് വീല്‍ എന്നിവ പ്രവര്‍ത്തന സജ്ജമാകും.

എന്നാല്‍, വാഹനം സര്‍വീസിന് നല്‍കുമ്പോഴും വേറെ ആളുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലും ഡിജിറ്റല്‍ കീ സംവിധാനം പ്രയോഗികമല്ലെന്നും കമ്പനി വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ കീ സംവിധാനത്തിനൊപ്പം സാധാരണ ചാവിയും നിലനിര്‍ത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

Content Highlights: Hyundai showcases Smartphone-based Digital Key