ഹ്യുണ്ടായിയുടെ വാഹന നിരയിലേക്ക് സാന്‍ട്രോ എന്ന് ഹാച്ച്ബാക്ക് തിരിച്ചെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായും ഉത്സവ സീസണിലെ വില്‍പ്പന ലക്ഷ്യമാക്കിയും സാന്‍ട്രോയുടെ ആനിവേഴ്‌സറി എഡിഷന്‍ ഹ്യുണ്ടായി അവതരിപ്പിച്ചു.
സാന്‍ട്രോസുടെ സ്‌പോര്‍ട്‌സ് പതിപ്പ് അല്‍പ്പം മോടിപിടിപ്പിച്ചാണ് ആനിവേഴ്‌സറി എഡിഷന്‍ എത്തിയിരിക്കുന്നത്. സാന്‍ട്രോയുടെ റെഗുലര്‍ പതിപ്പിനേക്കാള്‍ 10,000 രൂപ അധികമാണ് ആനിവേഴ്‌സറി എഡിഷന്റെ വില. മാനുവല്‍ പതിപ്പിന് 5.12 ലക്ഷവും എഎംടിക്ക് 5.75 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
പോളാര്‍ വൈറ്റ്, അക്വാ ടീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് ആനിവേഴ്‌സറി എഡിഷന്‍ എത്തിയിരിക്കുന്നത്. ഗണ്‍മെറ്റല്‍ ഗ്രേ വീല്‍ കവര്‍, ബ്ലാക്ക് മിറര്‍, ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍, ഗ്ലോസി ബ്ലാക്ക് റൂഫ് റെയില്‍, ബൂട്ടിലെ ക്രോം സ്ട്രിപ്പ്, ആനിവേഴ്‌സറി എഡിഷന്‍ ബാഡ്ജിങ് എന്നിവയാണ് എക്സ്റ്റീരിയറിനെ സ്‌പെഷ്യലാക്കുന്നത്.
ഓള്‍ ബ്ലാക്ക് ഇന്റീരിയറാണ് ഈ പതിപ്പില്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ബ്ലൂ ട്രീറ്റ്‌മെന്റും നല്‍കിയിട്ടുണ്ട്. മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ മോഡലുകള്‍ക്ക് സമാനമാണ്.
മെക്കാനിക്കലായി യാതൊരു മാറ്റവും ഈ വാഹനത്തിലില്ല. 69 ബിഎച്ച്പി പവറും 99 എന്‍എം ടോര്‍ക്കുമേകുന്ന 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആനിവേഴ്‌സറി എഡിഷന്‍ സാന്‍ട്രോയ്ക്കും കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍/5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Hyundai Santro Anniversary Edition Launched