ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് എസ്.യു.വി. ശ്രേണിയിലേക്ക് ഹ്യുണ്ടായി പുതിയ ഒരു വാഹനം പ്രഖ്യാപിച്ചത്. ഹ്യുണ്ടായി ബെയോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഏറെ വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന. ചില രാജ്യങ്ങളില്‍ ഐ20 ആക്ടീവിന് പകരക്കാരനായായിരിക്കും ഈ വാഹനം എത്തുക. ആദ്യമായി യൂറോപ്യന്‍ വിപണിയിലായിരിക്കും ബെയോണ്‍ അവതരിപ്പിക്കുക.
ബെയോണ്‍ എസ്.യു.വിയുടെ ഡിസൈന്‍ സംബന്ധിച്ച് സൂചന നല്‍കുന്ന ടീസര്‍ ചിത്രങ്ങള്‍ ഹ്യുണ്ടായി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്.യു.വിയായ കോനയുടെ മുഖഭാവവുമായി സാമ്യമുള്ള മുന്‍വശമാണ് ബെയോണില്‍ നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്തെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ഹ്യുണ്ടായി മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നു.
ഹ്യുണ്ടായിയുടെ കോംപാക്ട് എസ്.യു.വി. മോഡലായ വെന്യു അവതരിപ്പിച്ചിട്ടില്ലാത്ത വിപണിയിലായിരിക്കും ബെയോണ്‍ ആദ്യമെത്തുകയെന്നാണ് വിവരം. നാല് മീറ്ററില്‍ താഴെയാണ് ഈ എസ്.യു.വിയുടെ വലിപ്പം. ഹ്യുണ്ടായിയുടെ എസ്.യു.വികളായ കോന, ടൂസോണ്‍, നെക്സോ, സാന്റാ ഫേ തുടങ്ങിയ മോഡലുകളുടെ പിന്തുടര്‍ച്ചക്കാരനായാണ് ബയോണ്‍ എത്തുന്നത്.
ഫ്രാന്‍സിലെ പ്രധാന നഗരമായ ബയോണ്‍ എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന് ഈ പേര് നല്‍കുന്നതെന്നാണ് വിവരം. പ്രധാനമായും യുറോപ്യന്‍ വിപണിയെ ലക്ഷ്യമാക്കിയായിരിക്കും ഈ എസ്.യു.വി എത്തിക്കുക. അതുകൊണ്ടാണ് ഫ്രാന്‍സിലെ നഗരത്തിന്റെ പേരുമായി സാമ്യമുള്ള പേര് ഈ വാഹനത്തിന് നല്‍കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടില്ല. ഈ വാഹനത്തിന്റെ ശ്രേണിയില്‍ മറ്റ് മോഡലുകള്‍ എത്തിയിട്ടുള്ളതിനാലാണ് ബയോണിന്റെ ഇന്ത്യ പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. എന്നാല്‍, ഇന്ത്യയ്ക്കായി ഹ്യുണ്ടായി ഒരുക്കുന്ന ഏഴ് സീറ്റര്‍ എസ്.യു.വി 2021-ല്‍ വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Hyundai Releases New Teaser Image Of Bayon SUV