എസ്.യു.വി, മിഡ്-സൈസ് എസ്.യു.വി, കോംപാക്ട് എസ്.യു.വി. എന്നിങ്ങനെ എല്ലാ ശ്രേണികളിലും സാന്നിധ്യം അറിയിച്ച് ഒടുവില്‍ മൈക്രോ എസ്.യു.വിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. എ.എക്‌സ്.1 എന്ന കോഡ്‌നെയിമില്‍ ഹ്യുണ്ടായി പുറത്തിറക്കാനൊരുങ്ങുന്ന മൈക്രോ എസ്.യു.വിയുടെ ടീസര്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

ഹ്യുണ്ടായിയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയിലായിരിക്കും AX1 മൈക്രോ എസ്.യു.വി. ആദ്യം വില്‍പ്പനയ്ക്ക് എത്തിക്കുകയെന്നാണ് സൂചന. അവിടെ ഇത് ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് വാഹനമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഈ വാഹനം പെട്രോള്‍ കരുത്തിലായിരിക്കും എത്തിക്കുക. ഭാവിയില്‍ ഈ എസ്.യു.വിയുടെ ഇലക്ട്രിക് പതിപ്പ് പ്രതീക്ഷിക്കാം.

ഈ മൈക്രോ എസ്.യു.വിയുടെ ഹെഡ്‌ലൈറ്റ്, ടെയില്‍ലൈറ്റ് ഡിസൈന്‍ വെളിപ്പെടുത്തിയുള്ള ടീസറാണ് ഹ്യുണ്ടായി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കുമെന്നാണ് വിവരം. കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ച്ച് ചെയ്യുന്നത് അനുസരിച്ച് ജൂണ്‍ മാസത്തില്‍ ഈ മൈക്രോ എസ്.യു.വി. അവതരിപ്പിക്കുകയും ആ വര്‍ഷം ഒടുവിലോടെ നിരത്തുകളില്‍ എത്തുകയും ചെയ്യും.

ടീസര്‍ നല്‍കുന്ന സൂചന അനുസരിച്ച് പുതിയ ഡിസൈന്‍ ഫിലോസഫിയാണ് ഹ്യുണ്ടായി ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പിനൊപ്പം ബമ്പറില്‍ പ്രൊജക്ഷന്‍ ലൈറ്റുകളും നല്‍കിയിട്ടുണ്ട്. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും വാഹനത്തിലുണ്ട്. തികച്ചും പുതുമയുള്ള ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എല്‍.ഇ.ഡി. ടെയില്‍ ലാമ്പാണ് ടീസറില്‍ നല്‍കിയിട്ടുള്ളത്. 

ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 നിയോസിന് അടിസ്ഥാനമൊരുക്കുന്ന K1 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും നിര്‍മിക്കുന്നത്. 82 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ എസ്.യു.വിയുടെ റെഗുലര്‍ പതിപ്പില്‍ നല്‍കുക. ഇലക്ട്രിക് കരുത്തില്‍ എത്തുന്ന വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Hyundai Released Teaser Of Their Small SUV AX1