ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ള ഏഴ് സീറ്റര്‍ എസ്.യു.വി. വാഹനമായ അല്‍കാസറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ചിത്രങ്ങള്‍ വെളിപ്പെടുത്തി. മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുമായി പ്ലാറ്റ്‌ഫോം പങ്കിട്ടെത്തുന്ന ഈ വാഹനം ലുക്കിലും ക്രെറ്റയുമായി ഒട്ടേറെ സാമ്യം പുലര്‍ത്തുന്നുണ്ട്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എത്തുന്ന ഈ എസ്.യു.വി. വൈകാതെ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.

ക്രെറ്റയുമായി ഡിസൈന്‍ ശൈലി പങ്കിടുന്നുണ്ടെങ്കിലും ഗ്രില്ല് പോലെയുള്ള ഭാഗങ്ങളില്‍ പുതുമ വരുത്താന്‍ അല്‍കാസറിനായിട്ടുണ്ട്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച വലിയ ഗ്രില്ലാണ് അല്‍കാസറില്‍ നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡി. ലൈറ്റുകളും ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പും ക്രോമിയം അവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള വലിയ ബമ്പറുമാണ് അല്‍കാസറിന്റെ  മുഖഭാവത്തില്‍ നല്‍കിയിട്ടുള്ള മാറ്റങ്ങള്‍.

വലിയ വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈനിലാണ് വശങ്ങള്‍ ഒരുങ്ങിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച്, ഡോറിന്റെ താഴെയായി നല്‍കിയിരിക്കുന്ന ഫുട്ട് സ്റ്റെപ്പുകള്‍, ബ്ലാക്ക് നിറത്തിലുള്ള ബി,സി പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. പിന്‍ഭാഗം തീര്‍ത്തും പുതിയതാണ്. ടെയ്ല്‍ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പിലാണ് അല്‍കാസര്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളത്. 

ഫീച്ചറുകളുടെ കാര്യത്തിലും ക്രെറ്റയ്ക്ക് സമാനമാണ് അല്‍കാസര്‍. ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റും, ഏഴ് സീറ്റ് ഓപ്ഷനില്‍ ബെഞ്ച് സീറ്റുമായിരിക്കും നല്‍കുക. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ടെക്‌നോളജി, ഓട്ടോമാറ്റിക് എ.സി, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ നല്‍കും. 

സെല്‍റ്റോസിനും ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലാണ് അല്‍കാസര്‍ ഒരുങ്ങുന്നത്. എലാന്‍ട്ര, ടൂസോണ്‍ എന്നീ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് അല്‍കാസറില്‍ നല്‍കുന്നത്. പെട്രോള്‍ എന്‍ജിന്‍ 159 ബി.എച്ച്.പി പവറും 192 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 115 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനമെത്തും.

Content Highlights: Hyundai Release Images Alcazar SUV Production Version