ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ഹ്യുണ്ടായി 3200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വര്‍ഷത്തിനുള്ളിലാണ് ഈ നിക്ഷേപം നടത്തുന്നത്. ഗ്രീന്‍ മൊബിലിറ്റി എന്ന ഹ്യുണ്ടായിയുടെ ലക്ഷ്യം സാധ്യമാക്കുന്നതിനും ഗ്രാമ പ്രദേശങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായാണ് കൂടുതല്‍ പ്രധാന്യം നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ വാഹന വിപണിയുടെ ഭാവി ഇലക്ട്രിക്ക് വാഹനങ്ങളെ ആശ്രയിച്ചാണെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി എസ്.എസ്.കിം അറിയിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ 25-ാം വാര്‍ഷികാഘോഷത്തിലാണ് ഹ്യുണ്ടായി. ഇതിനോടകം ഇന്ത്യയിലെ വാഹന വിപണിയുടെ 17 ശതമാനം വിഹിതവും ഹ്യുണ്ടായിക്കാണ്.
ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപത്തില്‍ 1000 കോടിയും പ്രദേശികമായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയയുമായുള്ള സഹകരണവും പ്രതീക്ഷിക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം താരതമ്യേന ചെലവേറിയതിനാലാണ് ഇത്തരം വാഹനങ്ങള്‍ക്കൊയി സഹകരണത്തിന് ഒരുങ്ങുന്നതെന്നും ഹ്യുണ്ടായി അറിയിച്ചു.
നിലവില്‍ കോന ഇലക്ട്രിക് എസ്.യു.വി. മാത്രമാണ് ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. 24 ലക്ഷം രൂപയോളമാണ് ഇതിന്റെ വില. എന്നാല്‍, ഹ്യുണ്ടായി ആഗോള നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് പരിഗണിക്കുന്നുണ്ട്. വാഹനത്തിന്റെ വിലയും റേഞ്ചും പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. ഇലക്ട്രിക് വാഹനം സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും ഹ്യുണ്ടായി അറിയിച്ചു.
ഇന്ത്യയില്‍ നിര്‍മിക്കുന്നതും, വിദേശത്ത് നിന്നും എത്തിക്കുന്നതുമായി വാഹനങ്ങളുടെ വിവരങ്ങള്‍ ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, മിനി എസ്.യു.വി. ശ്രേണിയില്‍ ഒരു ഇലക്ട്രിക്ക് മോഡല്‍ എത്തുമെന്ന് കമ്പനി സൂചന നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നിരത്തുകളില്‍ ഈ ശ്രേണിക്കുള്ള സ്വീകാര്യത കണക്കിലെടുത്താണ് ഈ ഇലക്ട്രിക്ക് കരുത്തില്‍ മിനി എസ്.യു.വി. എത്തിക്കുന്നതെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.
Source: ET Auto
Content Highlights: Hyundai Plans To Invest 3200 Crore Rupees For Green Mobility