രമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ വില്‍പ്പനയിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായി വളര്‍ന്ന ഹ്യുണ്ടായി ഇലക്ട്രിക് വാഹനങ്ങളിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2028-നുള്ളില്‍ ഇന്ത്യയില്‍ ആറ് ഇലക്ട്രിക് വാഹന മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായി ഉറപ്പുനല്‍കിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി 4000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ഹ്യുണ്ടായി അറിയിച്ചു. 

ഇ-ജി.എം.പി. എന്ന പേരില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ബി.ഇ.വി) മാത്രമായി ഒരു പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണവും ഹ്യുണ്ടായിയുടെ പദ്ധതിയിലുണ്ട്. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങള്‍ എത്തുക. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും രൂപകല്‍പനയ്ക്കുമായി ഹ്യുണ്ടായിയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ വികസനത്തിനായുമാണ് 4000 കോടി രൂപയുടെ നിക്ഷേപം നടത്തുകയെന്നാണ് അറിയിച്ചിട്ടുള്ളത്.  

ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് ഹ്യുണ്ടായി വികസിപ്പിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍, പവര്‍ ഇലക്ട്രിക് സിസ്റ്റം തുടങ്ങിയവ നല്‍കിയിട്ടുള്ള ഷാസിയും ഉള്‍പ്പെടുന്നുണ്ട്. പല ഡിസൈനിലുള്ള ബോഡികളും കൂടുതല്‍ വലിപ്പമുള്ള ബാറ്ററികളും ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ പ്ലാറ്റ്‌ഫോമിനുണ്ടെന്നാണ് നിര്‍മാതാക്കള്‍ സൂചിപ്പിക്കുന്നത്. ഫ്‌ളാറ്റ് ഫ്‌ളോര്‍, സ്ലിം കോക്പിറ്റ്, സ്‌പേഷ്യസ് ആയിട്ടുള്ള ക്യാബിന്‍ എന്നിവയും ഈ പ്ലാറ്റ്‌ഫോം ഉറപ്പാക്കും.

ഇന്ത്യയിലെ സാധാരണ ഉപയോക്താക്കള്‍ക്കായും പ്രീമിയം വാഹന ഉപയോക്താക്കള്‍ക്കായും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുമെന്നാണ് ഹ്യുണ്ടായി നല്‍കുന്ന സൂചന. എസ്.യു.വി. ഹാച്ച്ബാക്ക് തുടങ്ങി വ്യത്യസ്ത ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും ഹ്യുണ്ടായിയുടെ പദ്ധതിയിലുണ്ട്. വാഹനങ്ങള്‍ എത്തിക്കുന്നതിനൊപ്പം ഇ-വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ചാര്‍ജിങ്ങ് സംവിധാനം, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവയും ഒരുങ്ങിയേക്കും.

പ്രീമിയം വിഭാഗത്തിലെ ആദ്യവാഹനം അടുത്തവര്‍ഷമാദ്യം നിരത്തിലെത്തുമെന്ന് ഹ്യുണ്ടായ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ എസ്.എസ്. കിം വെളിപ്പെടുത്തി. ഇന്ത്യയില്‍ വൈദ്യുതവാഹനങ്ങളിലേക്കുള്ള മാറ്റം അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിലരാജ്യങ്ങളില്‍ വാഹനവില്‍പ്പനയുടെ അഞ്ചിലൊന്നും വൈദ്യുതവാഹനങ്ങളിലേക്കു മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിപണിയിലെ മാറ്റം ഉള്‍ക്കൊള്ളാന്‍ ഹ്യുണ്ടായിയും തയ്യാറായിരിക്കുന്നത്.

Content Highlights: Hyundai Planning To Launch Six New Electric Vehicle Models In 2028, Hyundai Electric Vehicles