-
വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല, വിലയും പ്രഖ്യാപിച്ചിട്ടില്ല, എങ്കിലും ഹ്യുണ്ടായിയുടെ രണ്ടാം തലമുറ ക്രെറ്റ സ്വന്തമാക്കാനുള്ള തിരക്കുകള്‍ തുടങ്ങി. മാര്‍ച്ച് മാസത്തില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ ഡീലര്‍ഷിപ്പുതല ബുക്കിങ്ങുകള്‍ തുറന്നു. പ്രധാനമായും ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ബുക്കിങ്ങ് ആരംഭിച്ചത്.
10,000 രൂപ മുതല്‍ 25,000 രൂപ വരെ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയിട്ടുള്ള ഐഎക്‌സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആകുന്നത്.
ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍ ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായി അടുത്തിടെ പുറത്തിറക്കിയ വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍.
വെന്യുവില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ അലോയി വീലുകളാണ് ഈ വാഹനത്തിലുമുള്ളത്. ബ്ലാക്ക് ഫിനീഷിങ് ബി-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവ ഈ വാഹനത്തിന്റെ വശങ്ങളില്‍ നിന്നുള്ള സൗന്ദര്യമാണ്. എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പും പിന്‍വശത്തെയും ഏറെ ആകര്‍ഷകമാക്കുന്നുണ്ട്.
ഇത്തവണ ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാകുന്നുണ്ടെന്നാണ് സൂചന. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും ഇതിലെ പ്രധാന മാറ്റം. വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എംഐഡി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
കിയ സെല്‍റ്റോസിന് കരുത്തേകുന്ന എന്‍ജിനാണ് രണ്ടാം തലമുറ ക്രെറ്റയിലും. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Hyundai Open Dealership Leval Booking For Second Generation Creta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..