ല്‍കാസര്‍ എന്ന വാഹനത്തിലൂടെ ഇന്ത്യയിലെ എസ്.യു.വി. വിപണിയില്‍ പുതിയ തുടക്കത്തിന് തയാറെടുക്കുകയാണ് ഹ്യുണ്ടായി. അല്‍കാസര്‍ എസ്.യു.വിയുടെ വരവ് അടുത്തെന്ന് സൂചന നല്‍കി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് അല്‍കാസറിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. വില അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക.

ഹ്യുണ്ടായിയുടെ ഷോറൂം മുഖേനയും ഹ്യുണ്ടായി ക്ലിക്ക് ടു ബൈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും അല്‍കാസര്‍ ബുക്കുചെയ്യാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അല്‍കാസറിനായുള്ള അനൗദ്യോഗിക ബുക്കിങ്ങ് മുമ്പുതന്നെ ഏതാനും ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലാണ് ഈ വാഹനത്തിന്റെ അവതരണം നീണ്ടുപോകുന്നത്. 

ക്രെറ്റ, വെന്യു, ടൂസോണ്‍, കോന ഇലക്ട്രിക് തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. വില്‍പ്പനക്കാര്‍ എന്ന നേട്ടം 2020-ല്‍ ഹ്യുണ്ടായി സ്വന്തമാക്കിയിരുന്നു. ഇത് തുടരുന്നതിനാണ് പ്രീമിയം ശ്രേണിയില്‍ അല്‍കാസര്‍ എത്തിക്കുന്നത്. ഈ വാഹനം ഉപയോക്താക്കള്‍ക്ക് മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഹ്യുണ്ടായി അഭിപ്രായപ്പെട്ടു.

മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുമായി പ്ലാറ്റ്ഫോം പങ്കിട്ടെത്തുന്ന ഈ വാഹനം ലുക്കിലും ക്രെറ്റയുമായി ഒട്ടേറെ സാമ്യം പുലര്‍ത്തുന്നുണ്ട്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലും അല്‍കാസര്‍ എത്തും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച വലിയ ഗ്രില്ലും, എല്‍.ഇ.ഡി. ലൈറ്റുകളും ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്ലാമ്പുമെല്ലാം അല്‍കാസറിനെ ക്രെറ്റയില്‍ നിന്ന് വ്യത്യസ്തമാക്കും. 

സെല്‍റ്റോസിനും ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലാണ് അല്‍കാസര്‍ ഒരുങ്ങുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് അല്‍കാസറില്‍ നല്‍കുന്നത്. പെട്രോള്‍ എന്‍ജിന്‍ 159 ബി.എച്ച്.പി പവറും 192 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 115 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക.

Content Highlights: Hyundai Open Booking For Alcazar Premium SUV